Kerala
ഖാന്‍ ഒഴിയുമ്പോള്‍ ആശ്വാസം; അര്‍ലേകറുടെ വരവില്‍ ആശങ്ക
ശക്തമായ ആര്‍ എസ് എസ് പശ്ചാത്തലമുള്ള ബി ജെ പി നേതാവാണ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍
തിരുവനന്തപുരം | സര്‍ക്കാറുമായി രാഷ്ട്രീയക്കാരനെ പോലെ ഏറ്റുമുട്ടിയ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവി ഒഴിയുമ്പോള്‍ പുതിയ ഗവര്‍ണറുടെ നിലപാടുകളെ ഉറ്റുനോക്കി കേരളം. മുന്‍ കാലങ്ങളില്‍ എല്ലാ ഗവര്‍ണര്‍മാരും പുലര്‍ത്തിയ കീഴ് വഴക്കങ്ങള്‍ ലംഘിച്ച് ഗവര്‍ണര്‍ പദവിയെ രാഷ്ട്രീയ പദവി ആക്കി മാറ്റിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാനം ഒഴിയുന്ന്. പകരം ഗവര്‍ണറായി എത്തുന്നത് നിലവില്‍ ബിഹാര്‍ ഗവര്‍ണറായ, ശക്തമായ ആര്‍ എസ് എസ് പശ്ചാത്തലമുളള ബി ജെ പി നേതാവ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറാണ്. ഇദ്ദേഹത്തിന്റെ നിലപാടുകള്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്‍ പറ്റുന്നതോ മറികടക്കുന്നതോ ആയിരിക്കുമോ എന്നാണ് ആശങ്ക. രാഷ്ട്രീയക്കാരെ പോലെ എപ്പോഴും മാധ്യമങ്ങളോടു പ്രതികരിക്കുന്നതായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ രീതി.
അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാന്‍ കേരളാ ഗവര്‍ണര്‍ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം വിളിച്ചത് മുതല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത് വരെ ആരിഫ് മുഹമ്മദ് ഖാന്റെ കാലത്താണ്. ബി ജെ പി അധികാരത്തില്‍ വന്ന ശേഷം വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് വ്യാപകമായി. കേരളത്തില്‍ ഈ നീക്കം പ്രകടമായത് ആരിഫ് മുഹമ്മദ് ഖാന്‍ വന്നതിനുശേഷമാണ്.
സര്‍ക്കാരിനെ എപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചു ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപന പ്രസംഗത്തിന്റെ തലേദിവസം രാത്രി വരെ അതില്‍ ഒപ്പിടാതിരുന്നുകൊണ്ട് ഭരണഘടനാ പരമായ ഉത്തരവാദിത്തം നിര്‍വഹിക്കാതെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു. സംസ്ഥാനത്തെ ഒരു മന്ത്രിയോട് തനിക്കുള്ള പ്രീതി പിന്‍വലിക്കുന്നുവെന്ന് ഗവര്‍ണര്‍ പത്രക്കുറിപ്പ് ഇറക്കി. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെ ആയിരുന്നു ഗവര്‍ണറുടെ രോഷം. നിയമപരമായി നിലനില്‍ക്കാത്ത ഇത്തരം അനേകം നീക്കങ്ങള്‍ അദ്ദേഹം നടത്തി.
ചാന്‍സലര്‍ എന്ന നിലയില്‍ സര്‍വകലാശാല ഭരണങ്ങളില്‍ നിരന്തരം ഇടപെട്ടു. വിസിമാരുടെ നിയമനത്തില്‍ സര്‍ക്കാരിനെ വെട്ടി ഗവര്‍ണര്‍ ബി ജെ പി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി. സര്‍വകലാശാല സെനറ്റുകളില്‍ സംഘപരിവാറുകാരെ തിരുകി കയറ്റി. ബി ജെ പി നേതൃത്വത്തിന്റെ പ്രീതി പിടിച്ചുപറ്റുന്ന നിലയില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിച്ചു. പ്രതിഷേധിച്ച എസ് എഫ് ഐക്കാരെ തെരുവില്‍ നേരിടാന്‍ ഗവര്‍ണര്‍ നേരിട്ട് ഇറങ്ങി. എസ് എഫ് ഐക്കാരെ നേരിടാന്‍ റോഡില്‍ കസേര ഇട്ടിരുന്നു. ഭരണഘടനാ പ്രകാരം നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടാന്‍ ഭരണഘടനയില്‍ സമയപരിധി പറയാത്തത് കൊണ്ട് അതിനെ ആയുധമാക്കി നിയമസഭയെ വെല്ലുവിളിച്ചു.
ഭരണ ഘടന പദവിയോടുള്ള ബഹുമാന്യത പുലര്‍ത്തി മൗനം പാലിച്ചിരുന്ന മുഖ്യമന്ത്രി ചില ഘട്ടങ്ങളില്‍ ഗവര്‍ണറുടെ നടപടിക്കെതിരെ തുറന്നടിച്ചു. എന്നാല്‍ ഇതൊന്നും തനിക്ക് ബാധകമല്ല എന്ന നിലയിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം. ആരിഫ് മുഹമ്മദ് ഖാന്‍ കേരളം വിടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആശ്വസിക്കുന്നുണ്ടെങ്കിലും പുതിയ ഗവര്‍ണറുടെ നടപടി ഇതിലും അപ്പുറം പോകുമോ എന്ന ആശങ്ക ശക്തമാണ്. സംസ്ഥാനത്ത് ഇടതു ഭരണത്തിന് മൂന്നാം തുടര്‍ച്ച ഉണ്ടാവാതെ നോക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തവുമായാണ് പുതിയ ഗവര്‍ണര്‍ എത്തുന്നതെന്ന സൂചന ശക്തമാണ്.