Kerala
ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് ആശ്വാസം; മധ്യപ്രദേശിലേക്ക് നാളെ കൊച്ചിയില്‍ നിന്ന് കണക്ഷന്‍ ഫ്‌ളൈറ്റില്‍ യാത്ര തിരിക്കും
യാത്ര നാളെ രാത്രി ഒമ്പതിനുള്ള ഫ്‌ളൈറ്റില്‍. വിമാന ടിക്കറ്റ് എടുത്തുനല്‍കുന്നത് തൊഴില്‍ വകുപ്പിന് കീഴിലുള്ള 'ഒഡെപെക്'.
കൊച്ചി | ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് മധ്യപ്രദേശിലേക്ക് പോകുന്നതിന് ട്രെയിന്‍ കിട്ടാതെ പ്രതിസന്ധിയിലായ സംസ്ഥാന ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് ആശ്വാസം. വിമാന ടിക്കറ്റ് എടുത്തുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്.
കൊച്ചിയില്‍ നിന്ന് നാളെ രാത്രി ഒമ്പത് മണിക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റില്‍ താരങ്ങള്‍ യാത്രതിരിക്കും. തൊഴില്‍ വകുപ്പിന് കീഴിലുള്ള ‘ഒഡെപെക്’ ആണ് മധ്യപ്രദേശിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തുനല്‍കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് വിമാനത്തില്‍ യാത്ര ഒരുക്കാന്‍ ഒഡെപെകിന് നിര്‍ദേശം നല്‍കിയത്. യാത്രക്കുള്ള മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കും.
15 പേര്‍ കൊച്ചിയില്‍ നിന്നും എട്ട് പേര്‍ കോഴിക്കോട് നിന്നും യാത്ര തിരിക്കും. 20 കുട്ടികള്‍, രണ്ട് ടീം മാനേജര്‍, ഒരു കോച്ച് എന്നിവരാണ് പോകുന്നത്.
ഈമാസം 17ന് മധ്യപ്രദേശിലെ ഭോപാലില്‍ നടക്കുന്ന ദേശീയ അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോകുന്ന ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങളും അധ്യാപകരും പരിശീലകരും അടങ്ങുന്ന സംഘമാണ് യാത്രാ പ്രതിസന്ധി നേരിട്ടത്. വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന മംഗള-ലക്ഷദ്വീപ് എക്സ്പ്രസിലാണ് ഇവര്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ലെന്ന വിവരം അധികൃതര്‍ അറിയിക്കാന്‍ വൈകിയത് യാത്ര മുടങ്ങാന്‍ ഇടയാക്കുകയായിരുന്നു. ട്രെയിനിന്റെ രണ്ട് ബോഗികള്‍ മാറ്റിയതിനാലാണ് ടിക്കറ്റ് പ്രശ്‌നം ഉണ്ടായതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.