Covid19
ഇന്ത്യക്കാർക്ക് ആശ്വാസം; കൊവാക്സിന് സഊദിയിൽ അംഗീകാരം
ഈ വർഷത്തെ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ഏറെ പ്രതീക്ഷയാണ് പുതിയ തീരുമാനം
മക്ക | വിദേശ രാജ്യങ്ങളിൽ നിന്നും ഹജ്ജ്, ഉംറ, സന്ദർശന വിസയിലെത്തുന്നവരുടെ ഇമ്മ്യൂൺ സ്റ്റാറ്റസ് മാനദണ്ഡങ്ങൾ ആരോഗ്യ മന്ത്രാലയം പരിഷ്‌കരിച്ചു, ഇന്ത്യൻ നിർമിത കൊവാക്സിൻ, റഷ്യയുടെ സ്പുട്‌നിക്, ചൈനയുടെ സിനോഫാം, സിനോവാക് എന്നിവക്കാണ് പുതുതായി അംഗീകാരം നൽകിയത്. പുതിയ തീരുമാനം ഇന്ത്യന്‍ പ്രവാസികള്‍ക്കും ഉംറ തീർഥാടകർക്കും സന്ദർശന വിസയിലെത്തുന്നവർക്കും ഏറെ ആശ്വാസം പകരും.
നിലവില്‍ ഫൈസര്‍, മോഡേണ, അസ്ട്രാസെനിക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് സഊദിയില്‍ അംഗീകാരം ഉണ്ടായിരുന്നത്. പുതുതായി നാല് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതോടെ സഊദിയില്‍ അംഗീകാരമുള്ള വാക്സിനുകളുടെ എണ്ണം എട്ടായി. ഫൈസര്‍, മോഡേണ, അസ്ട്രാസെനിക്ക വാക്‌സിനുകള്‍ രണ്ടു ഡോസ് വീതവും ജോണ്‍സന്‍ ആന്റ് ജോന്‍സന്റെ ഒരു ഡോസും സ്വീകരിച്ചവർക്ക് നേരിട്ട് സഊദിയിലെത്തി ഉംറയും സിയാറത്തും നിർവഹിക്കാൻ കഴിയും. ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈൻ വേണ്ടതില്ല. അതേസമയം കൊവാക്സിൻ, സ്പുട്‌നിക്, സിനോഫാം, സിനോവാക് എന്നീ പ്രതിരോധ വാക്സിനുകൾ സ്വീകരിച്ചവർ മൂന്ന് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈൻ നിർബന്ധമാണ്. കൂടാതെ സഊദിയിലെത്തി 48 മണിക്കൂറിനു ശേഷം നടത്തുന്ന പി സി ആർ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുകയും വേണം.