indian students in ukraine
യുക്രൈനിൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് ആശ്വാസം; റഷ്യയിൽ പഠിക്കാം
കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് തിരുവനന്തപുരത്തെ റഷ്യന്‍ കോണ്‍സലേറ്റിനെ സമീപിക്കാമെന്നും എംബസി അറിയിച്ചു.
തിരുവനന്തപുരം | യുദ്ധക്കെടുതിയെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കാതെ മടങ്ങിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ റഷ്യയില്‍ തുടര്‍ പഠനത്തിന് അവസരമൊരുക്കുമെന്നും ഇതിനാവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും റഷ്യന്‍ നയതന്ത്ര പ്രതിനിധി. റഷ്യന്‍ എംബസിയിലെ ഡെപ്യൂട്ടി ഓഫ് മിഷന്‍ റോമന്‍ ബാബുഷ്‌കിന്‍ തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് മടങ്ങേണ്ടി വന്നതെന്നതിനാല്‍ വര്‍ഷം നഷ്ടമാകാതെ തുടര്‍പഠനത്തിന് റഷ്യയിലെ സര്‍വകലാശാലകളില്‍ അവസരമൊരുക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം കാല്‍ ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താനാകും.
ഈ അധ്യായന വര്‍ഷത്തില്‍ തന്നെ റഷ്യന്‍ സര്‍വകലാശാലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പ്രവേശനം നല്‍കാനാണ് റഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് സമയ, ധനനഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനുള്ള അവസരമാണ് റഷ്യന്‍ സര്‍ക്കാര്‍ ഒരുക്കുന്നത്. സ്‌കോളര്‍ഷിപ്പോടെ യുക്രൈനില്‍ പഠനം നടത്തിയവര്‍ക്ക് അതേ നിലയില്‍ ധനസഹായത്തോടെ പഠനത്തിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. യുദ്ധക്കെടുതിയില്‍ പഠനം പാതിവഴിയില്‍ നിലച്ച വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിന് അവസരമൊരുക്കുന്നതിന് നടപടികള്‍ സ്വീരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ റഷ്യന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് റഷ്യയുടെ ഇടപെടല്‍.
യുദ്ധവുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തില്‍ റഷ്യന്‍ അനുകൂല നിലപാട് സ്വീകരിച്ച ഇന്ത്യക്ക് റഷ്യ പ്രത്യേക പരിഗണന നല്‍കുമെന്നും വിദ്യാഭ്യാസ സഹായമുള്‍പ്പെടെയുള്ള സഹകരണങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും റഷ്യന്‍ നയതന്ത്ര പ്രതിനിധി വ്യക്തമാക്കി. യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ കൂടുതലും മലയാളി വിദ്യാര്‍ഥികളാണെന്നതിനാല്‍ ഇതു സംബന്ധിച്ച് നോര്‍ക്ക സി ഇ ഒ, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ റഷ്യന്‍ നയതന്ത്ര പ്രതിനിധികളുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ റഷ്യയില്‍ പഠനം പൂര്‍ത്തീകരിക്കുന്നതിനായി തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രാജ്യത്തെ റഷ്യന്‍ കള്‍ച്ചറല്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കണമെന്ന് റോമന്‍ ബാബുഷ്‌കിന്‍ അറിയിച്ചിട്ടുണ്ട്. റഷ്യന്‍ ഹൗസ് ഡയറക്ടര്‍ രതീഷ് സി നായരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.