Kerala
ദുരിതാശ്വാസ നിധി; ചെലവിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് സര്‍ക്കാറിന് ലോകായുക്ത നിര്‍ദേശം
കൊച്ചി | മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വസ നിധിയില്‍ നിന്നുള്ള പണം വകമാറ്റി ചെലവഴിച്ചുവെന്ന കേസ് ലോകായുക്ത ഈ മാസം 11 ന് വീണ്ടും പരിഗണിക്കും. നിധിയില്‍ നിന്ന് ചെലവഴിച തുകയുടെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാറിന് ലോകായുക്ത നിര്‍ദേശം നല്‍കി. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബങ്ങളെ സഹായിക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ദുരിതാശ്വാസ നിധിയുടെ ഉപയോഗത്തിന് മുഖ്യമന്ത്രിക്ക് വിവേചനാധികാരമുണ്ടെന്ന് ചീഫ് സെക്രട്ടറി ലോകായുക്തയില്‍ അറിയിച്ചു.
മുഖ്യമന്ത്രിയെ കൂടാതെ ഒന്നാം പിണറായി സര്‍ക്കാറിലെ മന്ത്രിമാരെയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. അന്തരിച്ച എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം, അന്തരിച്ച എം എല്‍ എ. രാമചന്ദ്രന്‍ നായരുടെ കാറിന്റെ വായ്പയെടുക്കാനും സ്വര്‍ണ പണയ വായ്പയെടുക്കാനും 8.5 ലക്ഷം, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയില്‍ ഉള്‍പ്പെട്ട പോലീസുകാരന്‍ അപകടത്തില്‍ പെട്ടപ്പോള്‍ കുടുംബത്തിന് 20 ലക്ഷം എന്നിങ്ങനെ നല്‍കിയെന്നാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള ആരോപണം.