Connect with us

International

ആശ്വാസം; സുനിത വില്യംസും ബുച്ച് വിൽ മോറും ഭൂമിയിൽ സുരക്ഷിതരായി തിരിച്ചെത്തി

ഇന്ത്യൻ സമയം പുലർച്ചെ 3.27നാണ് ഇവരെയും വഹിച്ചുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം ഫ്ലോറിഡ തീരത്ത് കടലിൽ ഇറങ്ങിയത്.

Published

|

Last Updated

ഫ്ലോറിഡ | ആശങ്കയുടെ കാർമേഘങ്ങൾ കീറിമുറിച്ചു അവർ ഭൂമിയിൽ പറന്നിറങ്ങി. 9 മാസം നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിട. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം പുലർച്ചെ 3.27നാണ് ഇവരെയും വഹിച്ചുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം ഫ്ലോറിഡ തീരത്ത് കടലിൽ ഇറങ്ങിയത്.

കഴിഞ്ഞ വർഷം ജൂൺ അഞ്ചിന് എട്ടു ദിവസത്തെ ദൗത്യത്തിനായി ബോയിംഗ് സ്റ്റാർലൈനറിൽ യാത്ര തിരിച്ച ഇവർ, പ്രൊപ്പൽഷൻ തകരാർ മൂലം ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു. നാസയുടെ നിക്ക് ഹേഗ്, റോസ്കോസ്മോസ് യാത്രികൻ അലക്സാണ്ടർ ഗോർബുനോവ് എന്നിവരും ഇവരോടൊപ്പം തിരിച്ചെത്തി.

17 മണിക്കൂറോളം നീണ്ട യാത്രക്കൊടുവിലാണ് ഇവർ ഭൂമിയിൽ എത്തിയത്. രാവിലെ 2:41-ന് ഡീഓർബിറ്റ് ബേൺ (deorbit burn) ആരംഭിച്ചു. 44 മിനിറ്റിനു ശേഷം 3:27-ന് പേടകം കടലിൽ ഇറങ്ങി. ഇന്നലെ രാവിലെ 10:35-നാണ് (ഇന്ത്യൻ സമയം) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഡ്രാഗൺ പേടകം ഡീ ഡോക് ചെയ്തത്.

മുൻ നാവിക പൈലറ്റുമാരായ സുനിത വില്യംസും ബുച്ച് വിൽമോറും കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് ബോയിംഗ് സ്റ്റാർലൈനറിന്റെ ആദ്യ ക്രൂഡ് ഫ്ലൈറ്റിൽ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. എട്ട് ദിവസത്തെ ദൗത്യമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സ്റ്റാർലൈനർ പേടകത്തിന് പ്രൊപ്പൽഷൻ പ്രശ്നങ്ങൾ നേരിട്ടതോടെ ഇവർ ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു. പറക്കാൻ അനുയോജ്യമല്ലാത്തതിനാൽ, പേടകം സെപ്റ്റംബറിൽ ആളില്ലാതെ തിരിച്ചെത്തി.

സുനിതയ്ക്കും ബുച്ചിനും വെല്ലുവിളികൾ

ദീർഘകാലം ബഹിരാകാശത്ത് താമസിച്ചതിനാൽ അസ്ഥികളുടെയും പേശികളുടെയും ബലക്ഷയം, റേഡിയേഷൻ എക്സ്പോഷർ, കാഴ്ച തകരാറുകൾ എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികളാണ് ബഹിരാകാശ യാത്രികർ ഭൂമിയിൽ തിരിച്ചെത്തുമ്പോൾ നേരിടേണ്ടി വരുന്നത്.

ഗുരുത്വാകർഷണത്തിൻ്റെ അഭാവം എല്ലുകളുടെ സാന്ദ്രതയിൽ കാര്യമായ കുറവുണ്ടാക്കുന്നു. നാസയുടെ കണക്കനുസരിച്ച്, ബഹിരാകാശത്ത് ഓരോ മാസവും, ബഹിരാകാശ യാത്രികരുടെ ഭാരം വഹിക്കുന്ന എല്ലുകൾ ഈ നഷ്ടം തടയാൻ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഏകദേശം ഒരു ശതമാനം കുറയും.

ബഹിരാകാശത്ത് സമയം ചെലവഴിക്കുന്നതിൻ്റെ ഏറ്റവും അപകടകരമായ പ്രത്യാഘാതങ്ങളിലൊന്ന് റേഡിയേഷൻ എക്സ്പോഷർ ആണ്. ഭൂമിയുടെ അന്തരീക്ഷവും കാന്തികക്ഷേത്രവും ഉയർന്ന അളവിലുള്ള റേഡിയേഷനിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കുമ്പോൾ, ബഹിരാകാശ യാത്രികർക്ക് അത്തരം സംരക്ഷണം ലഭ്യമല്ല.