Kerala
ആശ്വാസമേകി ആശ്വാസനിധി; ഇതുവരെ നല്‍കിയത് എട്ട് കോടി രൂപ
ലൈംഗികാതിക്രമത്തിന് ഇരയായവര്‍, ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളും കുട്ടികളും, ഗാര്‍ഹിക പീഡനത്തിന് ഇരയായവര്‍, ഹീനമായ ലിംഗവിവേചനത്തിന് ഇരയായവര്‍ എന്നിവര്‍ക്ക് അടിയന്തര സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ആശ്വാസനിധി രൂപവത്കരിച്ചത്.
മലപ്പുറം | അതിക്രമങ്ങള്‍ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായമേകി ആശ്വാസനിധി. ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഇരയായവര്‍ക്ക് അടിയന്തര ധനസഹായം നല്‍കുന്ന ‘ആശ്വാസനിധി’ പദ്ധതിയില്‍ ഇതുവരെ എട്ട് കോടിയിലധികം രൂപയാണ് നല്‍കിയത്. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലക്ക് ലഭിച്ച വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2018 മുതല്‍ 2022 വരെയുള്ള കാലയളവിലായി 8,77,25000 രൂപയാണ് നല്‍കിയത്.
ലൈംഗികാതിക്രമത്തിന് ഇരയായവര്‍, ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളും കുട്ടികളും, ഗാര്‍ഹിക പീഡനത്തിന് ഇരയായവര്‍, ഹീനമായ ലിംഗവിവേചനത്തിന് ഇരയായവര്‍ എന്നിവര്‍ക്ക് അടിയന്തര സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ആശ്വാസനിധി രൂപവത്കരിച്ചത്. ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് 50,000 മുതല്‍ ഒരു ലക്ഷം വരെയും ഗാര്‍ഹിക പീഡനത്തിനും ആക്രമണത്തിനും ഇരകളായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും 25,000 മുതല്‍ 50,000 വരെയും ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെയുമാണ് ആശ്വാസനിധിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കുന്നത്.
ജില്ലാ ശിശുസംരക്ഷണ ഓഫീസറും ജില്ലാ വനിതാ സംരക്ഷണ ഓഫീസറും തയ്യാറാക്കിയ അന്വേഷണ റിപോര്‍ട്ടിന്റെയും ശിപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് പണം അര്‍ഹതപ്പെട്ടവരുടെ ബേങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുക.
പദ്ധതിയില്‍ 2018 മുതല്‍ ഈ വര്‍ഷം വരെ 1,185 ഗുണഭോക്താക്കള്‍ക്കാണ് സാമൂഹിക നീതിവകുപ്പ് വഴി ധനസഹായം ലഭിച്ചത്. 2018-19ല്‍ 51 ഗുണഭോക്താക്കള്‍ക്ക് 48,05,000 രൂപയും, 2019-20ല്‍ 84 പേര്‍ക്ക് 5,93,000 രൂപയും നല്‍കി. 2020-21ല്‍ 284 ഗുണഭോക്താക്കൾക്ക് 1,58,45,000 രൂപ, 2021-22ല്‍ 472 ഗുണഭോക്താക്കള്‍ക്ക് 3,78,55,000 രൂപയും നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ 31 വരെയായി 294 പേര്‍ക്ക് 2,32,90,000 രൂപ നല്‍കി.