Connect with us

Kozhikode

മയക്കുമരുന്നല്ല, വ്യക്തമായ ജീവിത പദ്ധതിയാണ് മതം: കാന്തപുരം

മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ പുതുതായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് ഡയലോഗ് ഹാള്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കാരന്തൂര്‍ | ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ മതം മനുഷ്യനെ മയക്കുന്ന മയക്കുമരുന്നോ ജല്‍പനങ്ങളോ അല്ലെന്നും വ്യക്തമായ ജീവിത വഴി നിര്‍ദേശിക്കുന്ന ധാര്‍മിക മൂല്യങ്ങളുടെ കൂട്ടമാണെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ പുതുതായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് ഡയലോഗ് ഹാള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം സൗഹാര്‍ദത്തോടെയാണ് ഇന്ത്യയില്‍ കാലങ്ങളായി വിവിധ മതവിഭാഗങ്ങള്‍ നിലനിന്നു പോരുന്നത്. ധാര്‍മികമായ ജീവിത വഴികളും നിര്‍ദേശങ്ങളുമാണ് മതം മുന്നോട്ടു വെക്കുന്നതെന്നും വിദ്യാര്‍ഥികളോട് സംവദിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍ തുടങ്ങി വിദ്യാര്‍ഥികളുടെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഡയലോഗ് ഹാള്‍ സംവിധാനിച്ചത്. നൂറിലധികം വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്ന ഹാള്‍ ആധുനിക സംവിധാനങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സമീര്‍ സഖാഫി സ്വാഗതം പറഞ്ഞു. മുന്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, മര്‍കസ് വിദ്യാഭ്യാസ വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍, ഉനൈസ് മുഹമ്മദ്, ഇംഗ്ലീഷ് വിഭാഗം പ്രൊഫ. സയ്യിദ് സബൂര്‍ ബാഹസന്‍, മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ മുഹ്സിന്‍ ആശംസകളറിയിച്ചു. കോളജ് ഐ ക്യു എ സി കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഒ ഫസല്‍ നന്ദി പറഞ്ഞു.