From the print
സാമൂഹിക സൗഹാര്‍ദം നിലനില്‍ക്കാന്‍ മത- രാഷ്ട്രീയ സംഘടനകള്‍ യോജിക്കണം: കാന്തപുരം
സമൂഹത്തിന്റെ അമരത്ത് നില്‍ക്കുന്നവര്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം.

മലപ്പുറം | വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദമാണ് നമ്മുടെ നാടിന്റെ കരുത്തും കരുതലുമെന്നും ഇത് നിലനിര്‍ത്തുന്നതിന് മത- രാഷ്ട്രീയ സംഘടനകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍. മേല്‍മുറി മഅ്ദിന്‍ അക്കാദമിയില്‍ നടന്ന എസ് വൈ എസ് കേരള യൂത്ത് കൗണ്‍സിലില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ അമരത്ത് നില്‍ക്കുന്നവര്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. അവരുടെ വാക്കുകളും പ്രയോഗങ്ങളും സൗഹൃദം തകര്‍ക്കുന്നതാകരുത്. അത് ഏറ്റവും വലിയ സാമൂഹിക ദ്രോഹമാകും. സമൂഹത്തില്‍ സ്‌നേഹവും സൗഹാര്‍ദവും സഹവര്‍ത്തിത്വവും എന്നുമുണ്ടാകണം.
വെറുപ്പിന്റെ ഉത്പാദകരെ കേരളീയ സമൂഹം തിരിച്ചറിയണം. വിദ്വേഷം വിതയ്ക്കാന്‍ താത്പര്യമുള്ള ചിലര്‍ അതിന് പല രീതിയിലുമുള്ള വഴികള്‍ കണ്ടെത്തുകയാണ്. മത നിയമങ്ങള്‍ അനുസരിച്ച് മതങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനും വിശ്വാസികള്‍ക്ക് ജീവിക്കാനും രാജ്യം അവകാശം നല്‍കുമ്പോള്‍ അതിനെ ചോദ്യം ചെയ്യുന്ന വര്‍ഗീയ ശക്തികളുടെ നീക്കങ്ങള്‍ മതേതര സമൂഹം അനുവദിച്ചുകൂടാ.
മതമൈത്രിയും സൗഹൃദവും നിലനിര്‍ത്താനും അതിനുവേണ്ടി നിലകൊള്ളാനും ഉദ്‌ഘോഷിക്കുന്ന സമുദായിക നേതാക്കള്‍ പ്രതീക്ഷയാണ്.
എല്ലാ സ്പര്‍ധകളെയും നമുക്ക് സ്‌നേഹംകൊണ്ട് പ്രതിരോധിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.