Kerala
മതവിദ്വേഷ പരാമര്‍ശം: ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം
മതവിദ്വേഷം ഗുരുതര കുറ്റകൃത്യമെന്ന് പി സി ജോര്‍ജിൻ്റെ കേസില്‍ കോടതി

കൊച്ചി | മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. മതവിദ്വേഷ പരാമര്‍ശക്കുറ്റത്തിനുള്ള ശിക്ഷ വര്‍ധിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് വാക്കാലുള്ള പരാമര്‍ശം നടത്തിയത്.
നിലവില്‍ പരമാവധി മൂന്ന് വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷ. പുതിയ ക്രിമിനല്‍ നിയമത്തിലും ശിക്ഷ വര്‍ധിപ്പിച്ചിരുന്നില്ല. കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം. മതവിദ്വേഷ പരാമര്‍ശക്കുറ്റത്തിന് പിഴയടച്ച് രക്ഷപ്പെടാന്‍ അവസരമുണ്ട്. മതവിദ്വേഷക്കുറ്റത്തിന് നിര്‍ബന്ധമായും ജയില്‍ ശിക്ഷ ഉറപ്പുവരുത്തണം. ഇതൊരു മതേതര രാജ്യമാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
പി സി ജോര്‍ജിന്റെ മുന്‍ വിദ്വേഷ പരാമര്‍ശ കേസുകളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷാ ഹരജി വിധി പറയുന്നതിനായി മാറ്റിവെച്ചു.