Kerala
മതവിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ നല്‍കി
ചികിത്സ ചൂണ്ടിക്കാട്ടി ജാമ്യത്തിന് ശ്രമം. വ്യാഴാഴ്ച കോടതി പരിഗണിക്കും.

ഈരാറ്റുപേട്ട | ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി സി ജോര്‍ജ് കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. ജാമ്യഹരജി നാളെ കോടതി പരിഗണിക്കും.
നിലവില്‍ പി സി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി ഐ സി യുവില്‍ തുടരുകയാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശം കൂടി കണക്കിലെടുത്താകും ജയിലിലേക്ക് മാറ്റുന്നതിലടക്കം തീരുമാനമുണ്ടാവുക. ഇ സി ജിയിലെ വ്യതിയാനം, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ജാമ്യാപേക്ഷയാണ് ജോര്‍ജ് സമര്‍പ്പിച്ചതെന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട കോടതിയില്‍ നാടകീയമായി കീഴടങ്ങിയ ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളി അദ്ദേഹത്തെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ജോര്‍ജിനെ പോലീസ് കസ്റ്റഡിയില്‍ വിടരുതെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യം കോടതി തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ട് കോടതികള്‍ നടത്തിയ പരാമര്‍ശങ്ങളും പി സി ജോര്‍ജിന് എതിരാണ്.
ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ ജോര്‍ജ് മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.