Kerala
മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും
അറസ്റ്റിലായ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്

കോട്ടയം | മതവിദ്വേഷ പരാമര്‍ശ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. കോട്ടയം മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് ജോര്‍ജ് ജാമ്യാപേക്ഷ നല്‍കിയത്. നിലവില്‍ കേസില്‍ അറസ്റ്റിലായ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് ജോര്‍ജിനെതിരെ കേസുകളില്ല. അന്വേഷണം പൂര്‍ത്തീകരിച്ചതിതായി പോലീസ് റിപോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് ജാമ്യം നല്‍കണമെന്നാണ് പി സി ജോര്‍ജിന്റെ വാദം. പൊതു പ്രവര്‍ത്തകനാകുമ്പോള്‍ കേസുകള്‍ ഉണ്ടാകുമെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണ മെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.
അതേസമയം, ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ നല്‍കുന്നത് വിദഗ്ധ ചികിത്സയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ശിക്ഷ നല്‍കണമെന്നും തുടര്‍ച്ചയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം കൊടുത്താല്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.