Connect with us

articles

സകാത്ത് വിതരണത്തിന്റെ മതകീയ രീതികള്‍

മൂന്ന് രീതിയില്‍ സകാത്ത് അവകാശികളിലേക്ക് എത്തിക്കാന്‍ മതം അനുവാദം നല്‍കുന്നുണ്ട്. നാലാമത്തെ ഒരു രീതി നിര്‍മിച്ചുണ്ടാക്കാന്‍ ആര്‍ക്കും അധികാരമില്ല. കാരണം ഇതൊരു പ്രത്യേക ഇബാദത്താണ്.

Published

|

Last Updated

ഏതെല്ലാം ധനങ്ങളിലാണ് സകാത്ത് നിര്‍ബന്ധമാകുക എന്ന് കഴിഞ്ഞ ലേഖനത്തില്‍ വിശദീകരിച്ചു. ഇനി ഓരോ ധനത്തിലുമുള്ള സകാത്ത് വിഹിതം എത്രയാണെന്ന് പറയാം. സ്വര്‍ണം സകാത്ത് നല്‍കാനുള്ള അളവായി നബി (സ) പഠിപ്പിച്ചത് 20 മിസ്ഖാലാണ്. ഇത് ഇന്നത്തെ തൂക്കമനുസരിച്ച് 85 ഗ്രാം ആണ്. സ്ത്രീകള്‍ ധരിക്കാന്‍ വേണ്ടി ഉണ്ടാക്കപ്പെട്ട ആഭരണങ്ങള്‍ക്ക് സകാത്തില്ല.

സൂക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കപ്പെട്ടതോ മറ്റു രൂപത്തിലോ ഉള്ള സ്വര്‍ണം 85 ഗ്രാമോ അതില്‍ അധികമോ ഒരാള്‍ ഉടമസ്ഥപ്പെടുത്തുകയും അത് ഒരു വര്‍ഷം അയാളുടെ ഉടമസ്ഥതയില്‍ ഉണ്ടാകുകയും ചെയ്താല്‍ അതിന്റെ രണ്ടര ശതമാനം സ്വര്‍ണമായി തന്നെ സകാത്ത് നല്‍കണം.

എന്നാല്‍ വെള്ളിക്ക് സകാത്ത് നിര്‍ബന്ധമാകാന്‍ 200 ദിര്‍ഹമാണ് നബി(സ) നിശ്ചയിച്ചത്. ഇത് ഇപ്പോഴത്തെ തൂക്കമനുസരിച്ച് 595 ഗ്രാം ആണ്. സ്വര്‍ണത്തിന് സകാത്ത് നിര്‍ബന്ധമാകാന്‍ പത്തര പവന്റെ മുകളിലെത്തണം. വെള്ളി ആകട്ടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ മൂല്യം പോലും വേണ്ട സകാത്ത് നിര്‍ബന്ധമാകാന്‍. ഇത് അനീതിയല്ലേ എന്ന് ചോദിക്കുന്നതിന് പ്രസക്തിയില്ല. മതപരമായ ഒരു ഇബാദത്ത് അല്ലാഹു തീരുമാനിക്കുന്നതാണ്. അത് അതുപോലെ നിര്‍വഹിക്കുക എന്നതാണ് അവന്റെ അടിമകളുടെ കടമ. അതില്‍ അവന് ചില യുക്തികളും ഉണ്ടാകും. ഇതുപോലെ അഞ്ച് ഒട്ടകം ഉള്ളവര്‍ ഒരാടിനെ സകാത്ത് നല്‍കണം. എന്നാല്‍ അഞ്ച് ആനയുള്ളവര്‍ ഒന്നും സകാത്ത് നല്‍കേണ്ടതില്ല. കാരണം ആനക്ക് സകാത്ത് നല്‍കാന്‍ അല്ലാഹു കല്‍പ്പിച്ചിട്ടില്ല. ആരാധനകളൊക്ക ദൈവ കല്‍പ്പനകള്‍ മാനിക്കലാണ്, കേവല യുക്തികളെ അവലംബിക്കലല്ല.

നോട്ടിന്റെ സകാത്ത്
വെള്ളിക്കും സ്വര്‍ണത്തിനും സകാത്ത് നിര്‍ബന്ധമാക്കാനുള്ള കാരണം അവ ചരക്കുകള്‍ വാങ്ങുന്നതിനുള്ള വിലയായി എന്നതാണ് (അമീറ 2/2). ഇന്ന് സാര്‍വത്രിക വിലയായി ഉപയോഗിക്കുന്നത് കറന്‍സി നോട്ടുകള്‍ ആയതിനാല്‍ കറന്‍സിക്കും സകാത്ത് നല്‍കണമെന്നാണ് മഹാഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. കറന്‍സികള്‍ക്ക് സകാത്ത് വേണ്ട എന്ന് വാദിച്ചാല്‍ പിന്നെ ഇക്കാലത്ത് സകാത്ത് തന്നെ പരിമിതപ്പെട്ടു പോകും. ഇന്ത്യയില്‍ വെള്ളി ഉറുപ്പികയായിരുന്നു മുമ്പ് കാലത്ത് ഉപയോഗിച്ചു വന്നിരുന്നത്. അതിനു പകരമാണ് നോട്ടുകള്‍ വന്നത്. അതിനാല്‍ നോട്ടിന്റെ സകാത്ത് വെള്ളിയുടെ സകാത്തിനോടാണ് താരതമ്യം ചെയ്യേണ്ടത് എന്നാണ് പണ്ഡിത വീക്ഷണം. പാവങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്നതും അതാണ്. അപ്പോള്‍ 595 ഗ്രാം വെള്ളിയുടെ വില ഒരാള്‍ കൈവശപ്പെടുത്തുകയും ഒരു വര്‍ഷം സ്റ്റോക്ക് ചെയ്യുകയും ചെയ്താല്‍ അതിന്റെ രണ്ടര ശതമാനം അവകാശികള്‍ക്ക് നല്‍കണം. ദീനാര്‍ സ്വര്‍ണത്തോടും ദിര്‍ഹം വെള്ളിയോടുമാണ് താരതമ്യം ചെയ്യേണ്ടത്.

കച്ചവട ചരക്കുകളുടെ സകാത്ത്
കച്ചവട ചരക്കുകളെ നേരിട്ടല്ല സകാത്ത് ബാധിക്കുന്നത്, അതിന്റെ വിലയെയാണ്. മുഹര്‍റം ഒന്നിന് ഒരാള്‍ ഷോപ്പ് ആരംഭിച്ചാല്‍ അടുത്ത മുഹര്‍റം ആയാല്‍ വര്‍ഷം പൂര്‍ത്തിയായി. അന്ന് മൊത്തം ചരക്കുകളുടെ സ്റ്റോക്കെടുപ്പ് നടത്തി ആകെ വില 595 ഗ്രാം വെള്ളിയുടെ വില ഉണ്ടെങ്കില്‍ അതിന്റെ രണ്ടര ശതമാനം പണമായി സകാത്ത് നല്‍കണം. കച്ചവട ചരക്കുകള്‍ നല്‍കിയാല്‍ പോരാ. കെട്ടിടങ്ങള്‍, വാഹനങ്ങള്‍, പറമ്പുകള്‍ മുതല്‍ തേങ്ങയും അടക്കയും റബ്ബറും എല്ലാം കച്ചവട ചരക്കായി മാറുമ്പോള്‍ വര്‍ഷത്തില്‍ നിലവാര വില കൂട്ടി സകാത്ത് നല്‍കണം.

കന്നുകാലികള്‍
ചെറുകിട കന്നുകാലി വളര്‍ത്തുകാര്‍ക്കോ ജോലിക്ക് വേണ്ടി വളര്‍ത്തുന്ന മൃഗങ്ങള്‍ക്കോ മേഞ്ഞു തിന്നാതെ പുല്ലിട്ടു കൊടുത്ത് വളര്‍ത്തുന്നവക്കോ സകാത്തില്ല. 40 ആട് ഒരു വര്‍ഷം ഒരാളുടെ ഉടമസ്ഥതയില്‍ ഉണ്ടായാല്‍ ഒരാടിനെ സകാത്ത് നല്‍കണം. 30 പശു ഉള്ളയാള്‍ ഇപ്രകാരം ഒരു പശുവിനെ നല്‍കണം. അഞ്ച് ഒട്ടകം ഉണ്ടെങ്കില്‍ ഒരു ആടിനെയാണ് നല്‍കേണ്ടത്. ഇതിനൊന്നും പകരം വില നല്‍കിയാല്‍ മതിയാകില്ല. സംഘടനാ സകാത്തുകാര്‍ ചെയ്യുന്നതുപോലെ എല്ലാം പണമായി സ്വീകരിച്ച് സ്റ്റോക്ക് ചെയ്ത് ആവശ്യക്കാര്‍ വരുമ്പോള്‍ കമ്മിറ്റി കൂടി അനുവദിച്ച് വിതരണം ചെയ്യുന്ന സംഘടനാ ഫണ്ടല്ല സകാത്ത്. ഇതൊരു ഇബാദത്താണ്. അത് വീടണമെങ്കില്‍ മതം നിര്‍ദേശിച്ച വിധത്തില്‍ തന്നെ നിര്‍വഹിക്കണം.

കാര്‍ഷിക വിളകള്‍
ഇമാം തിര്‍മുദി (റ) പറയുന്നത് പച്ചക്കറികളില്‍ ഒന്നിനും സകാത്തുള്ളതായി പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടിട്ടില്ല എന്നാണ്. അതൊന്നും മുഖ്യാഹാരമോ കര്‍ഷകര്‍ സൂക്ഷിച്ചുവെക്കുന്നതോ അല്ല. ഉത്പാദനം കൂടുന്നതിനനുസരിച്ച് മാര്‍ക്കറ്റില്‍ ചെറിയ വിലക്ക് എല്ലാവര്‍ക്കും ലഭിക്കുകയും ചെയ്യും. നെല്ലാണ് നമ്മുടെ നാട്ടില്‍ സകാത്ത് നിര്‍ബന്ധമാകുന്ന പ്രധാന കൃഷി. ഒരു വര്‍ഷത്തിലെ മൊത്തം വിളകളില്‍ നിന്ന് 1,920 ലിറ്റര്‍ നെല്ല് ലഭിച്ച കര്‍ഷകരേ സകാത്ത് നല്‍കേണ്ടതുള്ളൂ. ഇനി അരിയാക്കിയാണ് അളക്കുന്നതെങ്കില്‍ ഇതിന്റെ പകുതി 960 ലിറ്റര്‍ ഉണ്ടായാല്‍ മതി. നനയ്ക്കാന്‍ ചെലവ് വന്നിട്ടുണ്ടെങ്കില്‍ അഞ്ച് ശതമാനവും ചെലവ് വന്നിട്ടില്ലെങ്കില്‍ 10 ശതമാനവും ആണ് സകാത്ത് നല്‍കേണ്ടത്. ഗോതമ്പ്, ചോളം, കമ്പം, കടല തുടങ്ങിയവയൊക്കെ സകാത്ത് നിര്‍ബന്ധമുള്ള മുഖ്യാഹാരങ്ങളാണ്.

വിതരണത്തിന്റെ രീതി
മൂന്ന് രീതിയില്‍ സകാത്ത് അവകാശികളിലേക്ക് എത്തിക്കാന്‍ മതം അനുവാദം നല്‍കുന്നുണ്ട്. നാലാമത്തെ ഒരു രീതി നിര്‍മിച്ചുണ്ടാക്കാന്‍ ആര്‍ക്കും അധികാരമില്ല. കാരണം ഇതൊരു പ്രത്യേക ഇബാദത്താണ്.
1. ഉടമസ്ഥന്‍ തന്നെ അവകാശികള്‍ക്ക് നേരിട്ട് എത്തിച്ചു കൊടുക്കുക. ഇസ്‌ലാമിക ഭരണകൂടം ഇല്ലാത്ത സ്ഥലത്ത് പ്രത്യക്ഷ ധനത്തിന്റെ സകാത്തും പരോക്ഷ ധനത്തിന്റെ സകാത്തും ദായകര്‍ തന്നെ നേരിട്ട് കൊടുക്കുക.
2. ഇസ്‌ലാമിക ഭരണകൂടം ഉണ്ടാകുകയും പ്രത്യക്ഷ ധനത്തിന്റെ സകാത്ത് ഭരണാധികാരി ചോദിക്കുകയും ചെയ്താല്‍ അവരെ ഏല്‍പ്പിക്കുക. അപ്പോഴും പരോക്ഷ ധനത്തിന്റെ സകാത്ത് വിതരണം ചെയ്യാനുള്ള അധികാരം ഉടമക്ക് തന്നെയാണ്. ഭരണാധികാരി അത് ചോദിക്കല്‍ നിഷിദ്ധമാണ് (ഖല്‍യൂബി 2/43). ഉടമ നേരിട്ട് അവകാശികളിലേക്ക് എത്തിക്കുന്നതാണ് ഏറ്റവും ഉത്തമം എന്നതില്‍ പണ്ഡിതലോകത്ത് അഭിപ്രായ വ്യത്യാസമില്ല. ഇമാം ശാഫിഈ (റ) പറയുന്നു: ഒരാളും തന്റെ ധനത്തിന്റെ സകാത്ത് മറ്റൊരാളെ ഏല്‍പ്പിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം അതേക്കുറിച്ച് ചോദ്യം ചെയ്യപ്പെടുക അവനോട് തന്നെയായിരിക്കും. അവന്‍ തന്നെ നേരിട്ട് ചെയ്യുമ്പോഴാണ് കൂടുതല്‍ ഉറപ്പുവരിക. മറ്റൊരാളെ ഏല്‍പ്പിച്ചാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ ലഭിച്ചോ എന്ന സംശയം പിന്നെയും ബാക്കിയാകും (അല്‍ ഉമ്മ് 2/67).

വഹാബികളും മൗദൂദികളും ഏറെ ആദരിക്കുന്ന സലഫി പണ്ഡിതന്‍ സ്വാലിഹ് അല്‍ഫൗസാന്‍ എഴുതുന്നു; “സകാത്ത് നല്‍കുക എന്നത് ഒരു അമലാണ്. ഏറ്റവും ശ്രേഷ്ഠം ധനത്തിന്റെ ഉടമ തന്നെ സകാത്ത് വിതരണം ഏറ്റെടുക്കുക എന്നതാണ്. അത് അര്‍ഹരായവര്‍ക്ക് എത്തി എന്ന ഉറപ്പില്‍ അവനായിത്തീരാന്‍ അതാണ് ഉത്തമം’ (അല്‍മു ലഖ്ഖസുല്‍ ഫിഖ്ഹ് 1/356).

കേരളത്തിലെ സംഘടനാ സകാത്തുകാര്‍ ഉടമ നേരിട്ട് കൊടുക്കാൻ പാടില്ലെന്ന് പറയുന്നത് സക്കാത്ത് കൊള്ളക്ക് സൗകര്യം ലഭിക്കാനാണ്. ഇബ്‌നുബാസ് അധ്യക്ഷനായ ലജ്ന ദാഇമയുടെ ഫത്്വ കാണുക. “സകാത്ത് വിതരണം നീ സ്വയം ഏറ്റെടുക്കുകയും നിന്റെ ഗവേഷണം അനുസരിച്ച് അര്‍ഹരുടെ കൈയില്‍ അത് നല്‍കുകയും ചെയ്താല്‍ അതിലാണ് നിന്റെ മനസ്സമാധാനമുള്ളത്’ (ലജ്‌ന ദാഇമ 9/456). പ്രത്യക്ഷ മുതലിന്റെ സകാത്ത് ഭരണാധികാരിയെ ഏല്‍പ്പിക്കുക.

3. സ്വയം അവകാശികളിലേക്ക് എത്തിക്കാനുള്ള സമയവും ഒഴിവും ഇല്ലാത്തവന്‍ സകാത്തിന്റെ മതവിധികള്‍ അറിയുന്ന ഒരു വ്യക്തിയെ ഏല്‍പ്പിക്കുക. ഇത് കോടതി വ്യവഹാരങ്ങളിലും നികാഹ് സ്വീകരിക്കുക, വിവാഹം ചെയ്തുകൊടുക്കുക പോലുള്ള കാര്യങ്ങളിലും മതം അനുവദിച്ചിട്ടുള്ളതാണ്. നിവൃത്തിയില്ലെങ്കിലാണല്ലോ നാം വക്കാലത്താക്കുക. സ്വന്തമായി നല്‍കാന്‍ സാധിക്കാത്ത ഘട്ടത്തില്‍ മറ്റൊരു വ്യക്തിയെ വക്കാലത്ത് ആക്കാം.

വക്കാലത്ത് ആക്കുന്നതിന്റെ നിബന്ധന വിവരിച്ചുകൊണ്ട് ഇമാം ഇബ്നു ഹജറുല്‍ ഹൈത്തമി എഴുതുന്നു; “വക്കാലത്ത് ഏല്‍പ്പിക്കപ്പെടുന്നയാള്‍ നിശ്ചിത വ്യക്തി ആയിരിക്കണം. അപ്പോള്‍ നിങ്ങളില്‍ ഒരാളെ ഞാന്‍ വക്കാലത്ത് ഏല്‍പ്പിച്ചു എന്ന് പറഞ്ഞാല്‍ അത് അസാധുവാണ്’. (തുഹ്ഫ)
രണ്ടാളെ മുന്നില്‍ നിര്‍ത്തി, നിങ്ങളില്‍ ഒരാളെ ഏല്‍പ്പിക്കുന്നു എന്ന് പറഞ്ഞാല്‍ പോലും വക്കാലത്താകുകയില്ലെന്ന് സ്പഷ്ടമായി പറഞ്ഞിട്ടും ജമാഅത്തെ ഇസ്‌ലാമി നേതാവ് ഇല്യാസ് മൗലവി പറയുന്നത്, കമ്മിറ്റി എന്നുപറഞ്ഞാലും നിര്‍ണിത വ്യക്തികളാണ് എന്നാണ്. നിര്‍ണിത വ്യക്തികള്‍ എന്നല്ല പണ്ഡിതന്മാര്‍ പറഞ്ഞത്, നിര്‍ണിത വ്യക്തി എന്നാണ്. കാരണം അര്‍ഹരിലേക്ക് ധനം എത്തിയോ എന്ന് ഉറപ്പാക്കാന്‍ ഒരു വ്യക്തി തന്നെ ചുമതലയേല്‍ക്കണം.

30ഉം 40ഉം അംഗങ്ങള്‍ ഉള്ള കമ്മിറ്റി ആയാല്‍ ആരോട് ചോദിക്കും. ചോദിച്ചാല്‍ പറയും, അത് ഞാനല്ല കൈകാര്യം ചെയ്തത് മറ്റവനോട് ചോദിക്കണം. വക്കാലത്തില്‍ ഇത് പറ്റില്ല. ചുരുക്കത്തില്‍ വക്കാലത്തിന്റെ പേരിലും സംഘടനാ സകാത്ത് തിരുകിക്കയറ്റാന്‍ പഴുതില്ല.
(തുടരും)

---- facebook comment plugin here -----

Latest