Siraj Article
മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല മതന്യൂനപക്ഷങ്ങള്‍
ബി ജെ പി ഭരണത്തില്‍ മുസ്‌ലിംകള്‍ ഭരണതലത്തില്‍ പൂര്‍ണമായി തന്നെ മാറ്റിനിര്‍ത്തപ്പെട്ടു എന്ന് പറയാം. കേന്ദ്രത്തിലും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അത് വ്യക്തമാണ്
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി ജെ പി ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു സബ്കാ സാത്ത്, സബ്കാ വികാസ് എന്നുള്ളത്. എല്ലാവരോടുമൊപ്പം എല്ലാവരുടെയും വികസനം എന്ന അര്‍ഥം വരുന്ന ആ രണ്ട് ഹിന്ദി വാചകങ്ങള്‍ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നായിരുന്നു. 2019ല്‍ അതിനെ ഒന്നുകൂടി വിപുലീകരിച്ച് സബ്കാ വിശ്വാസ് എന്ന് കൂടി കൂട്ടിച്ചേര്‍ത്ത് വിളിച്ചു. പക്ഷേ, പതിവ് തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ എന്നതില്‍ കവിഞ്ഞ് പ്രായോഗിക തലത്തില്‍ കാര്യങ്ങള്‍ നിരാശപ്പെടുത്തുന്നതായിരുന്നു. ആള്‍ക്കൂട്ട അക്രമങ്ങള്‍ മുതല്‍ ഡല്‍ഹി കലാപത്തില്‍ എത്തി വീണ്ടും തുടര്‍ന്നു കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം ശക്തമായി തന്നെ ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ബി ജെ പി ഭരിക്കുന്ന കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടേണ്ട അര്‍ഹമായ പ്രാതിനിധ്യം തീരെ ലഭിച്ചിട്ടില്ല. മുസ്‌ലിംകള്‍ പൂര്‍ണമായും മാറ്റിനിര്‍ത്തപ്പെട്ടതായി കാണാം.
ലോകത്തിലെത്തന്നെ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. പാക്കിസ്ഥാനും ഇന്തോനേഷ്യക്കും തൊട്ടടുത്താണ് ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ. രാജ്യത്തിന്റെ എല്ലാ ചരിത്ര ഘട്ടത്തിലും മുസ്‌ലിംകള്‍ പലതരത്തില്‍ രാജ്യത്തിന് സംഭാവനകള്‍ ചെയ്തിട്ടുണ്ട്. മുഗള്‍ ഭരണകാലത്തും ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും എല്ലാം മുസ്‌ലിംകള്‍ കൃത്യമായ അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ മണ്ണ് മുസ്‌ലിംകള്‍ക്ക് അന്യമല്ല. ഇന്ത്യയുടെ മണ്ണും ചരിത്രവും മുസ്‌ലിംകളുടേതു കൂടിയാണ്. സൂഫിസത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ വേരുകള്‍ ഇന്ത്യന്‍ മണ്ണില്‍ ശക്തമായി ആഴ്ന്നിറങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ചരിത്രത്തില്‍ നിന്ന് മുസ്‌ലിംകളെ മാറ്റിനിര്‍ത്തുക എന്നത് അസാധ്യമായ ഒന്നാണ്. വിഭജനത്തിന്റെ മുറിവും ദുഃഖവും പേറി ജീവിക്കുന്നവരാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍. അവരെ ചേര്‍ത്ത് നിര്‍ത്തിയ ചരിത്രമാണ് മതേതര ഇന്ത്യക്കുള്ളത്. മൗലാനാ അബുല്‍കലാം ആസാദില്‍ തുടങ്ങി ഇങ്ങ് എ പി ജെ അബ്ദുല്‍കലാമില്‍ എത്തിനില്‍ക്കുന്ന ചരിത്ര ഘട്ടത്തിലെല്ലാം മുസ്‌ലിംകള്‍ ഇന്ത്യന്‍ ദേശീയതയോടൊപ്പമാണ് സഞ്ചരിച്ചത്.
മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജനമെന്ന ആശയം മുന്നോട്ട് വെച്ചപ്പോള്‍ വിശാലമായ മാനവികതയില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ ദേശീയ നേതാക്കള്‍ അതിനെ എതിര്‍ത്തു. രാജ്യത്തെ മതേതര ഇന്ത്യയായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ജനങ്ങളും അതിന് ഒപ്പം നിന്നു. വിശാലവും സമഗ്രവുമായ ഒരു ഭരണഘടന നിര്‍മിച്ച് ലോകത്തിന്റെ ശ്രദ്ധയും അംഗീകാരവും പിടിച്ചുപറ്റി. ലോകത്തിനാകെ മാതൃകയാക്കാവുന്ന പുരോഗമനപരമായ നിയമ നിര്‍മാണങ്ങള്‍ നടത്തി. പോരായ്മകള്‍ ഉണ്ടെങ്കിലും രാജ്യം മുന്നോട്ട് കുതിച്ചു. എന്നാല്‍ ഇന്ന് ഇന്ത്യയെ ചിലര്‍ പിന്നോട്ട് പിടിച്ച് വലിക്കുന്നു. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഇന്ത്യയുടെ സാംസ്‌കാരികവും ചരിത്രപരവുമായ മൂല്യങ്ങളെ ഇല്ലാതാക്കാനാണ് അത്തരക്കാര്‍ ശ്രമിക്കുന്നത്.
ന്യൂനപക്ഷങ്ങളെ അപരവത്കരിക്കാനുള്ള, അടിച്ചമര്‍ത്താനുള്ള, അവര്‍ക്കെതിരെ ഭയം സമൂഹത്തില്‍ കുത്തിനിറക്കാനുള്ള ശ്രമങ്ങള്‍ പലതരത്തില്‍ നടക്കുന്നുണ്ട്. സംഘ്പരിവാര്‍ സംഘടനകള്‍ അതിന് മുന്നില്‍ നില്‍ക്കുന്നുണ്ട്. അത് ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല. എല്ലാവര്‍ക്കും വളരാനും നിലനില്‍ക്കാനും പുരോഗമനപരമായി മുന്നേറാനും അവസരങ്ങളും സാഹചര്യവും ഉണ്ടാകണം. ആരും ആര്‍ക്കും എതിരില്ലാത്ത ഒരു സാമൂഹിക അന്തരീക്ഷം നിലനില്‍ക്കണം. വെറുപ്പും വിദ്വേഷവും രാഷ്ട്രീയ പ്രത്യയശാസ്ത്രമായി മാറുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കും. മതവും രാഷ്ട്രീയവും രണ്ടായി തന്നെ നില്‍ക്കേണ്ടത് ബഹുസ്വര സമൂഹത്തില്‍ അനിവാര്യമാണ്. ഒരു സമുദായം മറ്റൊരു സമുദായത്തിന് എതിരാണെന്ന പ്രചാരണവും കള്ളക്കഥകളും തകൃതിയായി പാറിനടക്കുന്നുണ്ട്. അതൊക്കെ രാഷ്ട്രീയ താത്പര്യങ്ങളുടെ സൃഷ്ടികള്‍ മാത്രമാണ്.
ബി ജെ പി ഭരണത്തില്‍ മുസ്‌ലിംകള്‍ ഭരണതലത്തില്‍ പൂര്‍ണമായി തന്നെ മാറ്റിനിര്‍ത്തപ്പെട്ടു എന്ന് പറയാം. കേന്ദ്രത്തിലും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അത് വ്യക്തമാണ്. സംഘ്പരിവാര്‍ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രതിഫലനം കൂടിയാണ് അത്. അര്‍ഹമായ പ്രാതിനിധ്യം എന്നത് ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമായ ഒന്നാണ്. അത് ലംഘിക്കപ്പെടുകയാണ് ഇവിടെ. തമ്മിലടിപ്പിക്കുകയും വെറുപ്പ് ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നത് രാഷ്ട്രീയമാണ്.
അമേരിക്കയിലെ പേവ് റിസര്‍ച്ച് സെന്റര്‍ നടത്തിയ ഒരു പഠനത്തില്‍ ഇന്ത്യയിലെ വ്യത്യസ്ത മതവിഭാഗങ്ങള്‍ ഇതര മതവിഭാഗങ്ങളെ എങ്ങനെ കാണുന്നു എന്ന് പഠിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് ഈ അടുത്തായി പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ പല വസ്തുതാപരമായ കാര്യങ്ങളും പങ്കുവെക്കുന്നുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു പ്രധാന കാര്യമുണ്ട്, ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളിലെയും ബഹുഭൂരിപക്ഷം പേരും ഇതര മത വിശ്വാസികളെ ബഹുമാനിക്കണം എന്ന അഭിപ്രായമുള്ളവരാണ്. മതങ്ങളെ തമ്മിലടിപ്പിക്കുന്നതില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് മുഖ്യമായ പങ്കുണ്ടെന്ന് ഇത്തരം പഠനങ്ങള്‍ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ ഐക്യം തകര്‍ക്കുന്നവര്‍ ന്യൂനപക്ഷമല്ല, മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നവരാണ് എന്ന നഗ്ന സത്യം സമൂഹം തിരിച്ചറിയണം.