National
കച്ചിൽ നിന്ന് കണ്ടെത്തിയത് ഇതുവരെ ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും നീളം കൂടിയ പാമ്പിന്റെ അവശിഷ്ടങ്ങൾ
വാസുകി ഇൻഡിക്കസ് എന്ന പേരിട്ട ഈ പാമ്പിന് 15.2 മീറ്റർ വരെ നീളമുണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്
കച്ച് | ഗുജറാത്തിലെ കച്ചിലെ പാനന്ദ്രോ ലിഗ്നൈറ്റ് ഖനിയിൽ നിന്ന് ഇതുവരെ ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും നീളം കൂടിയ പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റൂർക്കിയുടെ ഗവേഷകരുടെ വിദഗ്ധസംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
അനക്കോണ്ടയുടേതിന് സമാനമായ ശൈലിയിൽ ആക്രമണം നടത്തിയിരുന്ന പാമ്പ് ആയിരുന്നു ഇതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ഉത്ഭവിക്കുകയും 50 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് യൂറോപ്പ് ആഫ്രിക്ക എന്നിവിടങ്ങളിൽ വ്യാപിക്കുകയും ചെയ്തിട്ടുണ്ടാകാമെന്നാണ് സയന്റിഫിക് റിപ്പോർട്ട് പറയുന്നത്.
വാസുകി ഇൻഡിക്കസ് എന്ന പേരിട്ട ഈ പാമ്പിന് 15.2 മീറ്റർ വരെ നീളമുണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.മുൻപ് കണ്ടെത്തിയതും വംശനാശം സംഭവിച്ചതുമായ ടൈറ്റനോ ബോവ യുമായി താരതമ്യപ്പെടുത്താവുന്നതാണ് ഈ പാമ്പിന്റെ അവശിഷ്ടങ്ങൾ.
വലിയ ഇനം പാമ്പ് ആയതുകൊണ്ട് തന്നെ പതിയെ പതിയെ ഇരകളെ വേട്ടയാടുന്ന ഒരു വേട്ടക്കാരൻ രീതി ആയിരിക്കാം ഈ പാമ്പിന്റേത് എന്നും വിദഗ്ധർ വിവരിച്ചു. യൂറോപ്പ് ആഫ്രിക്ക ഏഷ്യ എന്നിവ ഉൾപ്പെടെയുള്ള ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മാഡ്സോയിഡേ കുടുംബത്തിൽപ്പെട്ടതാണ് ഈ പാമ്പും. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും നീളമുള്ള പാമ്പാണ് ഇതൊന്നും ഗവേഷകർ വ്യക്തമാക്കി