National
അമിത് ഷാക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ ഹരജി ഝാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി
അപകീര്‍ത്തി പരാമര്‍ശത്തിന്റെ പേരില്‍ റാഞ്ചി വിചാരണക്കോടതിയില്‍ നടക്കുന്ന നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്.
ന്യൂഡല്‍ഹി| കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹരജി ഝാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. അപകീര്‍ത്തി പരാമര്‍ശത്തിന്റെ പേരില്‍ റാഞ്ചി വിചാരണക്കോടതിയില്‍ നടക്കുന്ന നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്.
2018ലെ കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പിനിടെ അന്നത്തെ ബിജെപി അധ്യക്ഷനായ അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെയാണ് ബിജെപി നേതാവ് നവീന്‍ ഝാ പരാതി നല്‍കിയത്. ഹൈക്കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി സുപ്രിംകോടതിയെ സമീപിക്കുമെന്നാണ് വിവരം.
രാഹുലിനെതിരെ സമാനമായ കേസ് ഉത്തര്‍പ്രദേശിലുമുണ്ട്. കേസില്‍ കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. ബി ജെ പി നേതാവ് വിജയ് മിശ്ര നല്‍കിയ മാനനഷ്ടകേസിലാണ് കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം നല്‍കിയത്.
അതേസമയം ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷമുണ്ടാക്കി എന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് അസം സിഐഡി സമന്‍സ് അയച്ചിട്ടുണ്ട്. രാഹുല്‍ ഉള്‍പ്പെടെ 11 കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഹാജരാകണമെന്നാണ് നിര്‍ദേശം.