National
മമതയ്‌ക്കെതിരെ പരാമര്‍ശം; ബംഗാള്‍ കോണ്‍ഗ്രസ് വക്താവ് അറസ്റ്റില്‍
കൗസ്തവ് ബാഗ്ചിയെ ശനിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
കൊല്‍ക്കത്ത| പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരാമര്‍ശം നടത്തിയതിന് ബംഗാള്‍ കോണ്‍ഗ്രസ് വക്താവ് അറസ്റ്റില്‍. കോണ്‍ഗ്രസ് വക്താവ് കൗസ്തവ് ബാഗ്ചിയെ ശനിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബാരക്പൂരിലെ വീട്ടില്‍ പുലര്‍ച്ചെ 3.30ഓടെയാണ് ബുര്‍തോല സ്റ്റേഷനിലെ പൊലീസ് സംഘം എത്തിയത്.
പൊലീസ് സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സാഗര്‍ദിഗി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനുശേഷം പശ്ചിമ ബംഗാള്‍ പി.സി.സി പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരിയെ മമതാ ബാനര്‍ജി വ്യക്തിപരമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് കൗസ്തവ് ബാഗ്ചി രംഗത്തെത്തിയിരുന്നു. ഇതോടെ ബുര്‍തോല സ്റ്റേഷനില്‍ ബാഗ്ചിക്കെതിരെ പരാതി ലഭിക്കുകയായിരുന്നു. ഈ പരാതിയിലാണ് പൊലീസിന്റെ നടപടി.
ഐപിസി 120(ബി) (ക്രിമിനല്‍ ഗൂഢാലോചന), 504 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെയുള്ള ബോധപൂര്‍വമായ അപമാനം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരം ബാഗ്ചിക്കെതിരെ കേസെടുത്തിട്ടുണ്ട്.