Connect with us

From the print

മരണത്തെ ഓര്‍മിപ്പിച്ച് അനശ്വരതയിലേക്ക്

മരണത്തെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്ന താന്‍ തന്നെ നാളെ ഇതേ സമയത്ത് ജീവിച്ചിരിപ്പുണ്ടാകുമോയെന്ന് ആര്‍ക്കറിയാമെന്നും ഒരു വേള സന്ദേഹിച്ചു.

Published

|

Last Updated

നീലേശ്വരം | സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ (കുറാ തങ്ങള്‍) അവസാന പ്രാര്‍ഥനാ സദസ്സും ഉദ്‌ബോധനവും നടന്നത് പരപ്പ കമ്മാടം സുന്നി ജമാഅത്ത് പള്ളിയില്‍. ഞായറാഴ്ച രാത്രി 7.30 മുതല്‍ 10.30 വരെ നടന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷിക പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. ഉദ്‌ബോധന പ്രസംഗത്തിന് ശേഷം പ്രാര്‍ഥനാ സദസ്സിനും നേതൃത്വം നല്‍കിയായിരുന്നു മടക്കം. പരിപാടിയില്‍ പങ്കെടുക്കാന്‍ അര മണിക്കൂര്‍ നേരത്തേ തന്നെ തങ്ങള്‍ എത്തിയിരുന്നു. പയ്യന്നൂര്‍ എട്ടിക്കുളത്തെ വീട്ടില്‍ നിന്ന് ഡ്രൈവര്‍ക്കൊപ്പമാണ് എത്തിയത്. ഉദ്‌ബോധനങ്ങളില്‍ പതിവുള്ള, പരസ്പര വിദ്വേഷങ്ങളെല്ലാം ഒഴിവാക്കി സമന്വയത്തിന്റെയും സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും വഴിയില്‍ സഞ്ചരിക്കേണ്ടതിനെക്കുറിച്ച് പല തവണ ഊന്നിപ്പറഞ്ഞു.

ഭൗതികതയിലും ആഡംബരത്തിലും മതിമറന്ന് ആത്മീയ മൂല്യങ്ങള്‍ കൈമോശം വരുത്തരുതെന്ന് ഓര്‍മിപ്പിച്ചു. ഉദാഹരണങ്ങളില്‍ ജീവിതത്തിന്റെ ക്ഷണികതയും യുവതീ-യുവാക്കളുടെ പോലും ജീവിതത്തിലേക്ക് മരണം കടന്നെത്തുന്നതും ചര്‍ച്ച ചെയ്തു. അപകട മരണങ്ങളും അകാല മരണങ്ങളും പരാമര്‍ശിച്ചതിനുശേഷം ഇസ്‌ലാമിക പ്രബോധനങ്ങളും ആത്മീയ വിലക്കുകളും മറന്ന് വിശ്വാസികള്‍ പോലും ആത്മഹത്യയെ പുല്‍കുന്നതിലെ വൈരുധ്യവും വൈകല്യവുമെല്ലാം നിരവധി തവണ ചൂണ്ടിക്കാട്ടി. മരണത്തെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്ന താന്‍ തന്നെ നാളെ ഇതേ സമയത്ത് ജീവിച്ചിരിപ്പുണ്ടാകുമോയെന്ന് ആര്‍ക്കറിയാമെന്നും ഒരു വേള സന്ദേഹിച്ചു.

ഈ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് തങ്ങളുടെ മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൂന്ന് മണിക്കൂര്‍ ഇവിടെ ചെലവഴിച്ച് രാത്രി പത്തോടെ സ്വന്തം കാറില്‍ തന്നെ വീട്ടിലേക്ക് മടങ്ങി. തങ്ങളുടെ വിയോഗ വാര്‍ത്തയാണ് രാവിലെ കമ്മാടം സുന്നി ജമാഅത്ത് പള്ളിയിലെ വിശ്വാസികളെ തേടിയെത്തിയത്. മഹല്ല് ഖത്വീബ് അലി സഅദി, ജമാഅത്ത് ഭാരവാഹികള്‍, അംഗങ്ങള്‍ ഉള്‍പ്പെടെ നാനൂറിലധികം പേര്‍ പരിപാടിക്കെത്തിയിരുന്നു.

 

Latest