uae national day
അനുസ്മരണ ദിനവും 50-ാം ദേശീയ ദിന പരിപാടികളും; കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു
പരിപാടികളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നതിന് പി സി ആര്‍ നെഗറ്റീവ് പരിശോധനാ ഫലങ്ങള്‍ ആവശ്യമാണ്
അബൂദബി | അനുസ്മരണ ദിനവും യു എ ഇ യുടെ 50ാം ദേശീയ ദിന പരിപാടികളും ആസന്നമായതോടെ അധികൃതര്‍ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ദേശീയ അടിയന്തിര ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചു. പരിപാടികളുടെ ശേഷി 80 ശതമാനമാണ്. പരിപാടികളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നതിന് പി സി ആര്‍ നെഗറ്റീവ് പരിശോധനാ ഫലങ്ങള്‍ ആവശ്യമാണ്. കൂടാതെ മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോള്‍ മാസ്‌ക് ധരിക്കുകയും വേണം. എന്നാല്‍, പങ്കെടുക്കുന്നവര്‍ക്ക് സ്വന്തം കുടുംബത്തിലെ അംഗങ്ങളില്‍ നിന്ന് സാമൂഹിക അകലം പാലിക്കേണ്ടതില്ല. നമുക്ക് സുരക്ഷിതമായി ആഘോഷിക്കാം, നമ്മുടെ ആരോഗ്യത്തിനും സുരക്ഷക്കും രാജ്യത്തിനും വേണ്ടി നടത്തിയ നേട്ടങ്ങളും പരിശ്രമങ്ങളും സംരക്ഷിക്കാം എന്ന് ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി പറഞ്ഞു.
ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 96 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പിസിആര്‍ പരിശോധന ഫലം ഹാജരാക്കണം. പ്രവേശനത്തിന് മുമ്പ് താപനില പരിശോധിക്കണം. 1.5 മീറ്റര്‍ ശാരീരിക അകലം പാലിക്കണം. എന്നാല്‍, ശാരീരിക അകലം പാലിക്കേണ്ട ആവശ്യമില്ലാത്ത കുടുംബത്തിന് ഒരുമിച്ച് ഇരിക്കാനും നില്‍ക്കാനും അനുവാദമുണ്ട്. ഹസ്തദാനങ്ങളോ ആലിംഗനങ്ങളോ ഇല്ലാതെ അകലെ നിന്ന് ആശംസകള്‍ കൈമാറണം. ഫോട്ടോ എടുക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കണം. ദേശീയ അടിയന്തിര ദുരന്ത നിവാരണ അതോറിറ്റിയുടെ കോവിഡ് മാനദണ്ഡങ്ങള്‍ അബൂദബി നിവാസികള്‍ പിന്തുടരണമെങ്കിലും മറ്റു സ്ഥലങ്ങളില്‍ പ്രാദേശിക അതോറിറ്റി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പിന്തുടരണം. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ട്.
എന്നാല്‍ അല്‍ ഹുസന്‍ ആപ്പില്‍ ഗ്രീന്‍-പാസ് സ്റ്റാറ്റസ് ഉണ്ടായിരിക്കണം അധികൃതര്‍ വിശദമാക്കി. ബ്ലൂംബെര്‍ഗ് കോവിഡ് റെസിലിയന്‍സ് റാങ്കിംഗ് അനുസരിച്ച്, കോവിഡ് -19 കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ യുഎഇ ലോകത്ത് മൂന്നാമതും പ്രാദേശികമായി ഒന്നാമതുമാണ് അധികൃതര്‍ കൂട്ടി ചേര്‍ത്തു. സുരക്ഷാ ആവശ്യകതകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിപാടികള്‍ ഒരുക്കുന്ന സംഘാടകര്‍ ടീമുകള്‍ രൂപീകരിക്കേണ്ടതുണ്ട്. തിരക്ക് തടയാന്‍ പ്രവേശനവും പുറത്തുകടക്കലും ശ്രദ്ധാപൂര്‍വ്വം ക്രമീകരിച്ചിട്ടുണ്ടെന്നും സംഘാടകര്‍ ഉറപ്പാക്കണം. തുടര്‍ച്ചയായ അണുവിമുക്തമാക്കല്‍ ആവശ്യമാണ്. പൊതു ഷൗച്യാലയങ്ങളില്‍ പ്രവേശന കവാടങ്ങളിലും പുറത്തുകടക്കുമ്പോഴും ഹാന്‍ഡ് സാനിറ്റൈസര്‍ സ്ഥാപിക്കണം.