Connect with us

editorial

രക്തസാക്ഷി ദിനത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍

മതേതരത്വത്തില്‍ അധിഷ്ഠിതമായ ദേശീയവാദമാണ് ഗാന്ധിജി പിന്തുടര്‍ന്നത്. ആര്‍ എസ് എസിന്റേത് കടുത്ത ഹിന്ദുത്വ ദേശീയതയും. വര്‍ഗീയതയും അത് മൂര്‍ച്ചിച്ചുള്ള ഭീകരതയുമാണ് ആര്‍ എസ് എസിന്റെ ദേശീയതയുടെ മറവില്‍ രാജ്യത്ത് അഴിഞ്ഞാടുന്നത്.

Published

|

Last Updated

രാജ്യം കണ്ട ഏറ്റവും ഇരുണ്ട രണ്ട് ദിനങ്ങളായിരുന്നു 1948 ജനുവരി 30ഉം 1992 ഡിസംബര്‍ ആറും. 1948 ജനുവരി 30നാണ് ഹിന്ദുത്വ തീവ്രവാദി നാഥുറാം ഗോഡ്‌സെ ഗാന്ധിജിക്ക് നേരെ വെടിയുതിര്‍ത്തത്. നാഥുറാം ഗോഡ്‌സെയുടെ അനുയായികള്‍ ബാബരി മസ്ജിദ് തകര്‍ത്ത ദിനമാണ് 1992 ഡിസംബര്‍ ആറ്. ഗോഡ്‌സെയെപ്പോലെ ഹിന്ദുവായിരുന്നു ഗാന്ധിജിയും. രണ്ട് പേരും ദേശീയവാദികളും. എങ്കിലും ഈ രണ്ട് ധാരകള്‍ക്കും പ്രകടമായ അന്തരമുണ്ടായിരുന്നു. യഥാര്‍ഥ ഹിന്ദുമത വിശ്വാസിയായിരുന്നു ഗാന്ധിജി. പരമതങ്ങളെ ബഹുമാനിക്കാനും അവരുമായി സൗഹൃദത്തില്‍ വര്‍ത്തിക്കാനും കല്‍പ്പിച്ച വേദങ്ങളെ പിന്തുടര്‍ന്ന് ആ ദര്‍ശനത്തില്‍ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ യത്‌നിച്ച രാഷ്ട്രീയ നേതാവ്.

മതേതരത്വത്തില്‍ അധിഷ്ഠിതമായ ദേശീയവാദമാണ് ഗാന്ധിജി പിന്തുടര്‍ന്നത്. ആര്‍ എസ് എസിന്റേത് കടുത്ത ഹിന്ദുത്വ ദേശീയതയും. വര്‍ഗീയതയും അത് മൂര്‍ച്ചിച്ചുള്ള ഭീകരതയുമാണ് ആര്‍ എസ് എസിന്റെ ദേശീയതയുടെ മറവില്‍ രാജ്യത്ത് അഴിഞ്ഞാടുന്നത്. ഇതര മതസ്ഥരെ അടിച്ചമര്‍ത്തി തീവ്രഹിന്ദുത്വ രാജ്യം സ്ഥാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ആര്‍ എസ് എസിന്റെ അനുയായിയായിരുന്നു ഗോഡ്‌സെ. 1930ല്‍ ആര്‍ എസ് എസില്‍ ചേര്‍ന്ന ഗോഡ്‌സെ താമസിയാതെ അതിന്റെ ബൗദ്ധിക പ്രചാരകനായി ഉയര്‍ന്നു. കടുത്ത ഹിന്ദുത്വ ദേശീയതയാണ് അയാളെ സ്വാധീനിച്ചത്. ആര്‍ എസ് എസ് വിഭാവന ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള പ്രയാണത്തിന്റെ ആദ്യപടിയായിരുന്നു ഗാന്ധിവധം.

മധുര വിതരണം നടത്തിയാണ് ആര്‍ എസ് എസ് ഗാന്ധിവധം ആഘോഷിച്ചത്. അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍, ജനസംഘം സ്ഥാപകന്‍ എസ് പി മുഖര്‍ജിക്കും എം എസ് ഗോള്‍വാള്‍ക്കര്‍ക്കും അയച്ച കത്തില്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്: “വര്‍ഗീയ വിഷമാണ് അവരുടെ (ആര്‍ എസ് എസ്) നേതാക്കള്‍ എല്ലാം പ്രസംഗിച്ചിരുന്നത്. അതിന്റെ അവസാനമെന്നോണം വിഷമയമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. അതാണ് ദാരുണ വധം സാധ്യമാക്കിത്തീര്‍ത്തത്. ഗാന്ധിവധത്തിന് ശേഷം മധുരം വിതരണം ചെയ്ത് ആര്‍ എസ് എസുകാര്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു’ (ഔട്ട്‌ലുക്ക്, 24 ജൂലൈ, 1998).
ഗാന്ധിവധത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി, ഗാന്ധിജിയെ ആരും കൊന്നതല്ലെന്നും ആത്മഹത്യ ചെയ്തുവെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് ആര്‍ എസ് എസ് ഇപ്പോള്‍. ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തിലെ ഒരു സ്‌കൂളില്‍ പരീക്ഷക്ക് വന്ന ചോദ്യം, “ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെയായിരുന്നു?’ എന്നായിരുന്നു. ഗുജറാത്തിലെ സുഫലം ശാല വികാസ് സംഘല്‍ എന്ന സംഘടനയുടെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് സംഭവം.

ചരിത്രത്തെ വളച്ചൊടിക്കാന്‍ എത്ര സമര്‍ഥമായി ഇവര്‍ ശ്രമിക്കുന്നു! ഗാന്ധിജിക്ക് നേരെ നിറയൊഴിച്ച ഗോഡ്‌സെ ആര്‍ എസ് എസുകാരനല്ലെന്ന് പ്രചരിപ്പിക്കുന്നുണ്ട് സംഘടന. എന്നാല്‍ ഈ വാദത്തെ ഗാന്ധിവധക്കേസില്‍ തൂക്കിലേറ്റപ്പെട്ട നാഥുറാം വിനായക് ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ നിരാകരിക്കുന്നുണ്ട്: “താനും സഹോദരനും ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നതില്‍ അഭിമാനിക്കുന്നു. എന്നാല്‍ ജനസംഘം (ബി ജെ പിയുടെ പഴയ പതിപ്പ്) ഇപ്പോള്‍ തങ്ങളെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്.’

ആദ്യത്തില്‍ ആര്‍ എസ് എസുകാരനായിരുന്നെങ്കിലും പിന്നീട് നാഥുറാം ഗോഡ്‌സെ സംഘടന വിട്ടിരുന്നുവെന്നൊരു വാദം ഉയര്‍ത്താറുണ്ട്. ഫ്രണ്ട്‌ലൈന്‍ മാസികയില്‍ അരവിന്ദ് രാജ്‌ഗോപാലുമായുള്ള അഭിമുഖത്തില്‍ ഗോപാല്‍ ഗോഡ്‌സെ ഇത് നിഷേധിച്ചിട്ടുണ്ട്. നാഥുറാം സംഘടന വിട്ടിരുന്നില്ലെന്നും, ആ ഐഡന്റിറ്റി താത്കാലികമായി മറച്ചുവെക്കാന്‍ തീരുമാനിച്ചത് ഗാന്ധിവധവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിക്കപ്പെടാതിരിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ പങ്കില്ലെങ്കില്‍, ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആര്‍ എസ് എസുകാര്‍ മധുരം വിതരണം നടത്തി ആഘോഷിച്ചത് എന്തിനായിരുന്നു?
ഗാന്ധിജി കൊല്ലപ്പെടേണ്ട ഒരു വ്യക്തിത്വമാണെന്ന് ഹിന്ദുത്വര്‍ ഇപ്പോഴും വിശ്വസിക്കുന്നു. ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ഗാന്ധിജിയെ നിഷ്‌കാസനം ചെയ്യുകയാണ്. പകരം സവര്‍ക്കറും ദീന്‍ദയാല്‍ ഉപാധ്യായയുമാണ് സിലബസില്‍ ഇടം നേടുന്നത്.

ഏറെ താമസിയാതെ നാഥുറാം ഗോഡ്‌സെയും “വാഴ്ത്തപ്പെട്ടവന്‍’ എന്ന പദവിയില്‍ സിലബസില്‍ ഇടം നേടും. ജനുവരി 30ന് ഇപ്പോഴും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഗാന്ധിവധം ആഘോഷിക്കുന്ന റിപോര്‍ട്ടുകള്‍ പുറത്തുവരാറുണ്ട്. 2019 ജനുവരി 30ന്, രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയുടെ പ്രതിമയുണ്ടാക്കി അതിനു നേരെ വെടിയുതിര്‍ത്ത്, ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറി പൂജാ ശകന്‍ പാണ്ഡേ ഈ വധം ആഘോഷിച്ചു. നാഥുറാം ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും ശേഷം മധുരവിതരണവും നടത്തി. ഹിന്ദു മഹാസഭയുമായോ പൂജാ പാണ്ഡേയുമായോ ബി ജെ പിക്ക് ബന്ധമില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും, പാര്‍ട്ടി നേതാക്കളായ ഉമാഭാരതി, ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരോടൊപ്പം പാണ്ഡേയുടെ ചിത്രം പുറത്തുവന്നപ്പോള്‍ ഈ വാദം തകര്‍ന്നു.

ഒരേ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ആര്‍ എസ് എസും ഹിന്ദു മഹാസഭയും. 1993ല്‍ ഫ്രണ്ട്‌ലൈന്‍ പ്രസിദ്ധീകരിച്ച ഗോപാല്‍ ഗോഡ്‌സെയുടെ അഭിമുഖത്തില്‍, ഗാന്ധിവധവും ആര്‍ എസ് എസും ഹിന്ദു മഹാസഭയും തമ്മിലുള്ള ബന്ധവും വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ഗാന്ധി വധത്തിന്റെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ ഡല്‍ഹി തുഗ്ലക്ക് നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ അസ്സിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ദാലു റാമിന്റെയും, ഇന്‍സ്പെക്ടര്‍ ജി ഡി നാഗര്‍വാലയുടെയും കേസ് ഡയറികളും കണ്ടെത്തലുകളും ഗാന്ധിവധത്തില്‍ ആര്‍ എസ് എസിനും ഹിന്ദു മഹാസഭക്കുമുള്ള പങ്ക് വ്യക്തമാക്കുന്നു.

Latest