Editorial
കുസാറ്റ് ദുരന്തം ഓര്‍മിപ്പിക്കുന്നത്
കുസാറ്റില്‍ സംഭവിച്ചത് പോലുള്ള ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയിലേക്ക് എല്ലാവരും ഉണരുകയും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുകയും നടപ്പാക്കാന്‍ സര്‍ക്കാറിലും മറ്റ് ഏജന്‍സികളിലും സമ്മര്‍ദം ചെലുത്തുകയും ചെയ്യുകയെന്നതാകും മിടുക്കരായ ആ വിദ്യാര്‍ഥികളുടെ നിതാന്ത സ്മരണക്കായി നമുക്ക് ചെയ്യാനാകുക.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ക്യാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും നാട് മോചിതമായിട്ടില്ല. നാല് പേരാണ് മരിച്ചത്. സഹപാഠികളുടെ ചേതനയറ്റ ശരീരം തലേന്ന് ആഘോഷഭരിതമായിരുന്ന ക്യാമ്പസിലേക്ക് കൊണ്ടുവന്നപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയിലായിരുന്നു വിദ്യാര്‍ഥികള്‍. എഴുപതിലേറെ പേര്‍ക്ക് പരുക്കേറ്റു. അമിതാവേശം ദുരന്തത്തിന് വഴിമാറിയത് എങ്ങനെയെന്ന് ഓര്‍ത്തെടുക്കാന്‍ പോലും കഴിയാത്ത മാനസികാവസ്ഥയിലാണ് വിദ്യാര്‍ഥികളില്‍ മിക്കവരും. ദാരുണാന്ത്യത്തിലേക്ക് കുപ്പുകുത്തിപ്പോയവരുടെ രക്ഷിതാക്കളും ബന്ധുക്കളും നാട്ടുകാരും അനുഭവിക്കുന്ന വേദന എത്രമാത്രം ആഴത്തിലുള്ളതായിരിക്കും. അവരുടെയെല്ലാം കടുത്ത ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നു. ഇത്തരമൊന്ന് ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയിലേക്ക് എല്ലാവരും ഉണരുകയും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുകയും നടപ്പാക്കാന്‍ സര്‍ക്കാറിലും മറ്റ് ഏജന്‍സികളിലും സമ്മര്‍ദം ചെലുത്തുകയും ചെയ്യുകയെന്നതാകും മിടുക്കരായ ആ വിദ്യാര്‍ഥികളുടെ നിതാന്ത സ്മരണക്കായി നമുക്ക് ചെയ്യാനാകുക.
‘ധിഷണ’ എന്ന പേരില്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ അവസാന ദിനമായ ശനിയാഴ്ച വൈകിട്ട് ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത സന്ധ്യയായിരുന്നുവത്രെ പ്രധാന ആകര്‍ഷണം. പരിപാടി തുടങ്ങാന്‍ വൈകിയിരുന്നു. പടിക്കെട്ടുകള്‍ സംവിധാനിച്ച ഓപണ്‍ ഓഡിറ്റോറിയത്തിലായിരുന്നു ഗാനമേള. ഓഡിറ്റോറിയത്തിന് ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ പാട്ട് തുടങ്ങിയപ്പോള്‍ തന്നെ ഉണ്ടായിരുന്നു. ആവേശം ഉച്ചസ്ഥായിലെത്തിയതോടെ, ഇത്തരം ക്യാമ്പസുകളുടെ പതിവായ ഓഡിയന്‍സ് ഡാന്‍സിലേക്ക് കാര്യങ്ങള്‍ നീങ്ങി. അതിനിടക്ക് മഴ തുടങ്ങി. അതോടെ കൂടുതല്‍ പേര്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുകയും നിലതെറ്റിയവര്‍ പടിക്കെട്ടുകളില്‍ നിന്ന് താഴേക്ക് വീഴുകയുമുണ്ടായി. പിന്നെ മേല്‍ക്കുമേല്‍ വീഴുകയായിരുന്നു. ഈ വീഴ്ചയിലെ പരുക്കും ശ്വാസതടസ്സവുമാണ് ദാരുണാന്ത്യത്തില്‍ കലാശിച്ചത്. പരിപാടിയുടെ സമയം അനുസരിച്ച് കുട്ടികളെ ഓഡിറ്റോറിയത്തിനകത്തേക്കു കയറ്റിവിടുന്നതില്‍ പാളിച്ചയുണ്ടായെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞിട്ടുണ്ട്. തങ്ങളെ കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിച്ചില്ലെന്ന് പോലീസ് അധികൃതരും വ്യക്തമാക്കുന്നു.
തിക്കിലും തിരക്കിലും പെട്ട് ഇത്തരത്തില്‍ മരണം സംഭവിക്കുന്നത് കേരളത്തില്‍ അപൂര്‍വമാണ്. വിദ്യാര്‍ഥികളെയോ അധ്യാപകരെയോ പോലീസ് ഉദ്യോഗസ്ഥരെയോ പൊതുസംവിധാനങ്ങളെയോ ഒരു പരിധിക്കപ്പുറം വിമര്‍ശിക്കുന്നത് ഈ വേദനക്കിടയില്‍ അനുചിതമായിരിക്കും. എന്നാൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ചില സത്യങ്ങൾ പറയേണ്ടതുണ്ടുതാനും. സംഘാടകർക്ക് സംഭവിച്ച ചില പിഴവുകളാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തം. ആൾക്കൂട്ട ദുരന്തം ഉണ്ടാകാതിരിക്കാൻ സംഘാടകരുടെ ഭാഗത്ത് നിന്ന് ഒരു മുൻകരുതലും ഉണ്ടായിരുന്നില്ല. ദുരന്തങ്ങൾ സംഭവിക്കാതിരിക്കാനാണ് ഏറ്റവും വലിയ ജാഗ്രത ഉണ്ടാകേണ്ടിയിരുന്നത്. ദുരന്തം സംഭവിച്ചതിന് ശേഷം സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് മാത്രമാണ് ഇപ്പോഴും നമ്മുടെ ആലോചനകൾ. മകരജ്യോതി ദർശിച്ച് അയ്യപ്പന്മാർ മലയിറങ്ങുമ്പോൾ തിക്കിലും തിരക്കിലും പെട്ട് 102 പേർ മരിച്ചത് ഇടുക്കി ജില്ലയിലാണ്. കോഴിക്കോട്ട് സംഗീത നിശക്കിടെ ബാരിക്കേഡ് തകർത്ത് സംഗീത പരിപാടി നടക്കുന്ന സ്റ്റേജിനടുത്തേക്ക് ആളുകൾ ഇരച്ചെത്തിയ സംഭവത്തിൽ 70 പേർക്ക് പരുക്കേറ്റ സംഭവമാണ് ഇതിൽ ഒടുവിലത്തേത്. അവിടെയൊന്നും നമുക്ക് മുൻകരുതലുകൾ പോലുമുണ്ടായിരുന്നില്ല. ക്യാമ്പസുകളിൽ അരങ്ങേറുന്ന കലാപരിപാടികൾക്കിടെ ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ ക്യാമ്പസിനകത്ത് പ്രവർത്തിക്കുന്ന യൂനിയനുകൾക്കും വിദ്യാർഥി സംഘടനകൾക്കും ജാഗ്രതയുണ്ടാകേണ്ടതുണ്ട്.
മുരളി തുമ്മാരുകുടി കുസാറ്റ് ദുരന്തത്തിന് പിറകേ എഴുതിയ പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയ കാര്യം ഏറെ പ്രസക്തമാണ്. ആളുകള്‍ തടിച്ചുകൂടുന്ന മേളകളിലും സമ്മേളനങ്ങളിലും വേണ്ടത്ര ക്രൗഡ് മാനേജ്‌മെന്റ് നടത്തുക, മുന്‍കൂര്‍ ഇവാക്വേഷന്‍ പ്ലാന്‍ ചെയ്യുക എന്നതൊന്നും നമ്മുടെ നാട്ടില്‍ പതിവില്ലെന്ന വിമര്‍ശം അദ്ദേഹം നടത്തുന്നു. എങ്ങനെയാണ് സുരക്ഷിതമായി പരിപാടികള്‍ നടത്തുകയെന്നതിനെ കുറിച്ച് മാര്‍ഗനിര്‍ദേശങ്ങളും പരിശീലനങ്ങളും വരുമെന്ന പ്രതീക്ഷ പങ്കുവെച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇത്തരം പരിപാടികള്‍ക്കുള്ള മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുതുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ്സില്‍ പറഞ്ഞിട്ടുമുണ്ട്. യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന് അകത്ത് ബോംബ് വെച്ച് ഭീകരാക്രമണം നടത്തിയതിന് പിറകെ എല്ലാ ഓഡിറ്റോറിയങ്ങള്‍ക്കും അപകടങ്ങള്‍ സംഭവിച്ചാല്‍ കൈക്കൊള്ളേണ്ട അടിയന്തര നടപടികളുടെ പട്ടിക സര്‍ക്കാര്‍ കൈമാറിയിരുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ സ്‌കൂള്‍, കോളജ് ഓഡിറ്റോറിയങ്ങള്‍ക്ക് ഇത് നല്‍കിയിട്ടില്ല. ഓഡിറ്റോറിയത്തിന്റെ ശേഷി എത്രയാണ്, എത്ര സമയം മുമ്പ് ആളുകളെ കയറ്റണം, അകത്ത് കടക്കാന്‍ എത്ര വഴികള്‍ വേണം, എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പുറത്തുപോകാന്‍ എത്ര വഴികള്‍ വേണം തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി കണക്കുകൂട്ടാന്‍ കഴിയുന്നതാണ്. എന്നാല്‍ ഇവിടെ അതൊന്നും ഉണ്ടായില്ലെന്ന് പറയുന്നത് എ ഡി ജി പി അജിത് കുമാറാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്ത് ചെയ്യണമെന്ന് വ്യക്തമാക്കുന്ന പരിശീലനം വിദ്യാര്‍ഥികളുടെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കണം. ഡ്രില്ലുകള്‍ സംഘടിപ്പിക്കണം. ഓഡിറ്റോറിയങ്ങള്‍ പണിയുമ്പോള്‍ അവ ശാസ്ത്രീയമാണെന്ന് ഉറപ്പ് വരുത്തണം.
നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കണം ക്യാമ്പസുകളിലെ ആഘോഷങ്ങള്‍. അതില്‍ നിന്ന് വ്യതിചലിക്കാനുള്ള ഏത് ശ്രമവും അധ്യാപകരും മാനേജ്‌മെന്റും തടയണം. ആവശ്യമെങ്കില്‍ പേലീസിനെ ഇടപെടുവിക്കണം. ജീവിതത്തിന് ഊര്‍ജം പകരാനാണല്ലോ ആഘോഷങ്ങള്‍. മരിക്കാനല്ലല്ലോ. വിവേകമുള്ള വിദ്യാര്‍ഥിത്വം തന്നെയാണ് യഥാര്‍ഥ പരിഹാരം.