Kerala
പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു
രാജ്യത്തെ ആദ്യ കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് കെ എം ചെറിയാൻ
ബെംഗളുരു| പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. കെ എം ചെറിയാന്‍ അന്തരിച്ചു. ഇന്നലെ രാത്രി 11.50 ഓടെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയശസ്ത്രക്രിയ രംഗത്ത് മികച്ച സംഭാവനങ്ങള്‍ നല്‍കിയ പ്രതിഭയാണ് കെ എം ചെറിയാന്‍. രാജ്യത്തെ ആദ്യ കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് അദ്ദേഹം.
ഇന്നലെ സുഹൃത്തിന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബെംഗളുരുവില്‍ എത്തിയതായിരുന്നു കെ എം ചെറിയാന്‍. രാത്രിയോടെ ശരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 1991-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. 1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു.
ഹാർവാർഡ് മെഡിക്കൽ സ്കൂൾ സംഘടിപ്പിച്ച ഒരു പാനലിലൂടെ 2005-ൽ അദ്ദേഹത്തിന് ഹാർവാർഡ് മെഡിക്കൽ എക്സലൻസ് അവാർഡ് ലഭിച്ചിരുന്നു. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡൻ്റാകുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യയിൽ നിന്നുള്ള അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ ആദ്യ അംഗവുമാണ്. സംസ്കാരം വ്യാഴാഴ്ച.