Connect with us

Kuwait

സിവിൽ ഐഡി മേൽവിലാസം പുതുക്കുന്നതിനു വാടക കരാർ നിർബന്ധം; നിരവധി പേർ ചതിയിൽ പെട്ടു

വാടക കരാറിന്റെ പകർപ്പ് അനുവദിക്കുന്നതിന് 150 കുവൈത്തി ദിനാർ വരെയാണ് ഇവർ ആവശ്യക്കാരിൽ നിന്നും ഈടാക്കുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി|കുവൈത്തിൽ താമസ രേഖ പുതുക്കുന്നതിനും മേൽവിലാസം അപ്ഡേറ്റ് ചെയ്യുന്നതിനും പുതിയ വാടക കരാർ നിർബന്ധമാക്കിയതോടെ ഈ രംഗത്തും വൻ തട്ടിപ്പ്. മേൽവിലാസം അപ്ഡേറ്റ് ചെയ്യാത്തതിനെ തുടർന്ന് നിരവധി പ്രവാസികളുടെ മേൽവിലാസം നീക്കം ചെയ്യുകയും ഇവരുടെ മൈ ഐഡന്റിറ്റി ആപ്പ് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം മുതലെടുത്തു കൊണ്ടാണ് സാധാരണക്കാരായ പ്രവാസികളെ തട്ടിപ്പിനിരയാക്കപ്പെട്ടത്. പുതിയ വിസയിൽ എത്തുന്ന വർക്ക് സിവിൽ ഐഡി കാർഡ് ലഭിക്കുന്നതിന് താമസിക്കുന്ന കെട്ടിടത്തിന്റെ വാടക കരാർ സമർപ്പികേണ്ടതുണ്ട്. ഇതുപോലെ മേൽവിലാസം നീക്കം ചെയ്യപ്പെട്ടവരുടെ മൈ ഐഡന്റിറ്റി ആപ്പ് പുനസ്ഥാപിക്കുന്നതിനും അപേക്ഷയോടൊപ്പം പുതിയ വാടക കരാറിന്റെ പകർപ്പും നൽകേണ്ടതാണ്. സ്വന്തമായി ഫ്ലാറ്റ് എടുക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവരെ ലക്ഷ്യമിട്ടുകൊണ്ടാണ് വൻ തട്ടിപ്പ് സംഘം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

വാടക കരാറിന്റെ പകർപ്പ് അനുവദിക്കുന്നതിന് 150 കുവൈത്തി ദിനാർ വരെയാണ് ഇവർ ആവശ്യക്കാരിൽ നിന്നും ഈടാക്കുന്നത്. സ്വന്തം പേരിൽ ഫ്ലാറ്റ് എടുക്കുകയും പരമാവധി ആളുകൾക്ക് വാടക കരാറിന്റെ കോപ്പി നൽകുകയും ചെയ്തു ഒന്നോ രണ്ടോ മാസത്തിനു ശേഷം ഉടമക്ക് വാടക നൽകാതെ മുങ്ങുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. വാടക ലഭിക്കാതെ വരുമ്പോൾ സ്വാഭാവികമായും കെട്ടിട ഉടമകൾ വാടക കരാർ റദ്ദാക്കുകയും സിവിൽ ഐഡിഅധികൃതർക്ക് വിവരം നൽകുകയും ചെയ്യും. ഇതോടെ മേൽ കെട്ടിട ത്തിൽ താമസം രജിസ്റ്റർ ചെയ്ത മുഴുവൻ പേരുടെയും മേൽവിലാസം അധികൃതർ റദ്ദാക്കും പണം നൽകി വാടക കരാർ നേടിയവർക്ക് വീണ്ടും ഒരു മേൽവിലാസം ആവശ്യമായി വരികയും ചെയ്യും.

ഈ രൂപത്തിൽ അനവധി പേർ തട്ടിപ്പിനിരയായതായി പ്രാദേശികമാധ്യമത്തിന്റെ ഒരു അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത്തരത്തിൽ പണം നൽകി വാടക കരാർ നേടിയവരുടെ വാടക കരാർ റദ്ദാക്കപ്പെട്ടില്ലെങ്കിലും ഇവർ മറ്റൊരു സ്ഥലത്താണ് താമസം എങ്കിൽ പിടിക്കപ്പെട്ടാൽ നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് വിധേയരാകും എന്നും നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

 

 

 

 

Latest