Connect with us

Uae

അബൂദബിയിൽ പത്ത് വർഷത്തിനിടെ വാടക ഏറ്റവും ഉയർന്നതായി റിപ്പോർട്ട്

അബൂദബിയിലെ ശരാശരി വാർഷിക അപ്പാർട്ട്‌മെന്റ്‌വാടക 66,375 ദിർഹവും വില്ല വാടക 166,261 ദിർഹവുമാണ്.

Published

|

Last Updated

അബൂദബി | അബൂദബിയിൽ പ്രോപ്പർട്ടി വിലയേക്കാൾ വേഗത്തിൽ വാടക ഉയർന്നതായി റിപ്പോർട്ട്. റെസിഡൻഷ്യൽ വാടക ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വർധനവിന് സാക്ഷ്യംവഹിക്കുകയാണെന്ന് കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡ് കോർ റിപ്പോർട്ട് വ്യക്തമാക്കുന്നു.

തലസ്ഥാനത്ത് പ്രതിവർഷം ഒമ്പത് ശത മാനം വളർച്ചയാണ് വിൽപ്പന വിലയിൽ രേഖപ്പെടുത്തിയത്. എന്നാൽ വാടക വിപണിയിൽ 16 ശതമാനം വരെ വർധനയാണ് കാണുന്നത്. പ്രത്യേകിച്ച് സാദിയാത്ത് ദ്വീപ്, യാസ് ദ്വീപ് തുടങ്ങി പ്രധാന പ്രദേശങ്ങളിലാണ് വില വർധനയെന്ന് കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡ് കോറിലെ റിസർച്ച് ആൻഡ് കൺസൾട്ടൻസി മേധാവി പ്രത്യുഷ ഗുറാപ്പു പറഞ്ഞു.

ഈ പ്രദേശങ്ങളിൽ വാടക വിപണിയിൽ മുൻവർഷത്തെ അപേക്ഷിച്ച് വില്ലകളുള്ള വാടക പത്ത് ശതമാനമായും അപ്പാർട്ട്മെന്റുകൾ 16 ശതമാനമായും ഉയർന്നു. എന്നാൽ സി ബി ആർ ഇ ഡാറ്റ വ്യക്തമാക്കുന്നത് 2024 രണ്ടാം പാദത്തിൽ അബൂദബിയുടെ ശരാശരി അപ്പാർട്ട്‌മെന്റ്‌വാടക 6.6 ശതമാനം വർധിച്ചുവെന്നാണ്  വ്യക്തമാക്കുന്നത്. അബൂദബിയിലെ ശരാശരി വാർഷിക അപ്പാർട്ട്‌മെന്റ്‌വാടക 66,375 ദിർഹവും വില്ല വാടക 166,261 ദിർഹവുമാണ്.

ആഗസ്റ്റിൽ, തലസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയുടെ റെഗുലേറ്ററായ അബൂദബി റിയൽ എസ്റ്റേറ്റ് സെന്റർ, വിപണി സുതാര്യത വർധിപ്പിക്കുന്നതിനും സൂചകമായ വാടക മൂല്യങ്ങൾ നൽകുന്നതിനും എമിറേറ്റിനായി ആദ്യത്തെ ഔദ്യോഗിക വാടക സൂചിക പുറത്തിറക്കിയിരുന്നു. വാടകക്കാർക്കും ഭൂവുടമകൾക്കും നിലവിലുള്ള വാടകകൾ പരിശോധിക്കാൻ ഇതിലൂടെ സൗകര്യമൊരുക്കി.

അൽ റാഹ ബീച്ച്, അൽ മരിയ ദ്വീപ്, മസ്ദർ സിറ്റി എന്നിവിടങ്ങളിലെ 1,315 അപ്പാർട്ടുമെന്റുകളും ജുബൈൽ ദ്വീപ്, യാസ് ഐലൻഡ്, സാദിയാത്ത് റിസർവ് എന്നിവിടങ്ങളിലെ 1,116 വില്ലകളും ഉൾപ്പെടെ അബൂദബിയിൽ ഈ വർഷം ഇതുവരെ 2,431 താമസ യൂനിറ്റുകൾ പുതുതായി കൈമാറിയിട്ടുണ്ട്. ഈ വർഷാവസാനം 1,950 യൂണിറ്റുകൾ കൈമാറ്റം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. റീം ഐലൻഡിലും യാസ് ഐലൻഡിലുമാണ് ഇവയിൽ കൂടുതൽ.

---- facebook comment plugin here -----

Latest