Connect with us

Editors Pick

സ്വിഫ്റ്റിന് പകരം സ്വിഫ്റ്റ് മാത്രം; അറിയാം നാലാം തലമുറയെ

സുരക്ഷയെ കുറിച്ചാണ് പലപ്പോഴും മാരുതി വിമർശങ്ങൾ ഏറ്റുവാങ്ങാറുള്ളത്. അത് ഒരു പരിധിവരെ പരിഹരിക്കാൻ വേണ്ടി പുതിയ സ്വിഫ്റ്റ് ശ്രമിച്ചിട്ടുണ്ട്.

Published

|

Last Updated

മാരുതിയുടെ ഏറ്റവും ജനപ്രിയമായ കാർ ഏതെന്ന് ചോദിച്ചാൽ ആദ്യം മനസ്സിൽ വരുന്ന ഉത്തരം സ്വിഫ്റ്റ് എന്നായിരിക്കും. അതെ സ്വിഫ്റ്റ്- രണ്ടു ദശകത്തിലേറെയായി നിരത്ത് കയ്യടക്കിയ മാരുതിയുടെ യുവ രാജാവ്. യുവാക്കളുടെയും കുടുംബങ്ങളുടെയും പ്രിയപ്പെട്ട വാഹനം.

2005ലാണ് സ്റ്റൈലിഷ് ഡിസൈനോടുകൂടി മാരുതി ഇന്ത്യൻ വിപണിയിൽ സ്വിഫ്റ്റ് അവതരിപ്പിച്ചത്. വിദേശ കാറുകളോട് കിടപിടിക്കുന്ന ഡിസൈനോടെ വന്ന കാർ യുവാക്കളാണ് ആദ്യം ഏറ്റെടുത്തത്. പ്രീമിയം ലുക്കും കീശ ചോരാത്ത വിലയും മാരുതിയുടെ ഇന്ത്യ ഒട്ടുക്കുള്ള സ്വീകാര്യതയും സ്വിഫ്റ്റിനെ ജനപ്രിയമാക്കി. ഇപ്പോഴിതാ പുതിയ ലുക്കിൽ, പുതിയ സവിശേഷതകളുമായി സ്വിഫ്റ്റിന്റെ പുതിയ തലമുറയെ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി.

നാലാം തലമുറ

നാലാം തലമുറ സ്വിഫ്റ്റ് പുതുമ ഒട്ടും കുറയാതെ നോക്കിയിട്ടുണ്ട് മാരുതി. പരിഷ്കരിച്ച ഹെഡ്‌ലൈറ്റ് ക്ലസ്റ്ററുകളും പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലും കാറിന് പുത്തൻ രൂപം നൽകുന്നു. പുതുക്കിയ ബമ്പറുകൾ, ട്വീക്ക് ചെയ്ത എൽഇഡി ടെയിൽ ലൈറ്റുകൾ, പുതുതായി രൂപപ്പെടുത്തിയ ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയാണ് മറ്റ് മാറ്റങ്ങൾ. എൽഇഡി ഫ്രണ്ട് ഫോഗ് ലാമ്പുകളിലും നേരിയ മാറ്റം പരീക്ഷിച്ചിട്ടുണ്ട്.

ഡാഷ്ബോർഡിനു ചുറ്റുമാണ് ഉള്ളിലെ മാറ്റങ്ങൾ. വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ട്വീക്ക് ചെയ്‌ത സെൻട്രൽ എസി വെൻ്റുകൾ, അപ്‌ഡേറ്റ് ചെയ്‌ത ക്ലൈമറ്റ് കൺട്രോൾ പാനൽ എന്നിവ പുതിയ മാരുതി ബലേനോയുടെ ഡാഷ്‌ബോർഡിനോട് സാമ്യമുള്ളതാക്കുന്നു. ഓട്ടോ എസി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, വയർലെസ് ഫോൺ ചാർജിംഗ്, ക്രൂയിസ് കൺട്രോൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയ്‌ക്കൊപ്പം വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റവും പുതിയ സ്വിഫ്റ്റിൽ ലഭിക്കുന്നുണ്ട്.

സുരക്ഷ

സുരക്ഷയെ കുറിച്ചാണ് പലപ്പോഴും മാരുതി വിമർശങ്ങൾ ഏറ്റുവാങ്ങാറുള്ളത്. അത് ഒരു പരിധിവരെ പരിഹരിക്കാൻ വേണ്ടി പുതിയ സ്വിഫ്റ്റ് ശ്രമിച്ചിട്ടുണ്ട്. അടിസ്ഥാന മോഡലിലടക്കം എല്ലാ സുരക്ഷ സംവിധാനങ്ങളുമുണ്ട്. 6 എയർബാഗ്, ഇ എസ് പി, ഹിൽ ഹോൾഡ്, എ ബി എസ്, എല്ലാ സീറ്റിനും ത്രീ പോയിൻറഡ് ബെൽറ്റുകൾ എന്നിവ പുതിയ കാറിൽ ഉണ്ട്. ഡ്രൈവറും യാത്രക്കാരും സ്വിഫ്റ്റിൽ പരിപൂർണ സുരക്ഷിതരെന്ന് ചുരുക്കം.

പുതിയ എൻജിൻ

പുതിയ സീ സീരീസ് എൻജിനാണ് നാലാം തലമുറ സ്വിഫ്റ്റിന്റെ മറ്റൊരു പ്രത്യേകത. 1197 സി സി എൻജിനിന്റെ പ്രത്യേകത അത്യാധുനിക സാങ്കേതികളാണ്. 81.58 പിഎസും 112 എൻ എം ടോർക്കുമാണ് പുതിയ എൻജിൻ. എജിഎസ് മോഡലിന് 25.75 കിലോമീറ്ററും 5 സ്പീഡ് മാനുവലിന് 24.80 കിലോമീറ്ററും കമ്പനി മൈലേജ് അവകാശപ്പെടുന്നു.

വില

അഞ്ച് വിശാലമായ വേരിയൻ്റുകളിലാണ് കാർ ഇറക്കുന്നത്- LXi, VXi, VXi (O), ZXi, ZXi+. 6.49 ലക്ഷം മുതൽ 9.65 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. ഇത് പ്രദേശങ്ങൾ അനുസരിച് മാറ്റമുണ്ടാകും. പുതിയ സ്വിഫ്റ്റ് മോഡലും വാഹന പ്രേമികൾ ഏറ്റെടുത്തതായാണ് വിപണിയിൽ നിന്നുള്ള വാർത്ത. പതിനായിരത്തിലധികം ബുക്കിംഗ് ഇതിനകം ലഭിച്ചുവെന്ന് കമ്പനി അവകാശപ്പെടുന്നു.

Latest