National
അമിത്ഷാക്ക് മറുപടി; ഡൽഹിയിൽ ദളിത് വിദ്യാർഥികൾക്ക് അംബേദ്കർ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് എഎപി
ഇന്ത്യയിലോ വിദേശത്തോ ഉള്ള ഏതെങ്കിലും സർവകലാശാലയിൽ പ്രവേശനം നേടുന്ന ദളിത് വിദ്യാർഥികളുടെ യാത്രാചെലവും താമസചെലവും പദ്ധതിക്ക് കീഴിൽ സർക്കാർ നൽകും.
ന്യൂഡൽഹി | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഡൽഹിയിൽ വിദ്യാർഥികൾക്കായി അംബേദ്കർ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് എഎപി. ദളിത് വിദ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസത്തിനായാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹിയിൽ ഒരു റാലിയെ അബിസംബോധന ചെയ്യവെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ആണ് പദ്ധതി സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
പദ്ധതി പ്രകാരം ദലിത് വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഡൽഹി സർക്കാർ ധനസഹായം നൽകും. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഏതെങ്കിലും സർവകലാശാലയിൽ പ്രവേശനം നേടുന്ന ദളിത് വിദ്യാർഥികളുടെ യാത്രാചെലവും താമസചെലവും പദ്ധതിക്ക് കീഴിൽ സർക്കാർ നൽകും.
അംബേദ്കറിനെതിരായ അമിത് ഷായുടെ അവഹേളനക്ക് മറുപടിയായാണ് പദ്ധതി ആരംഭിക്കുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു. ഫണ്ടിൻ്റെ ദൗർലഭ്യം കാരണം ഡൽഹിയിലെ ഒരു ദളിത് വിദ്യാർത്ഥിക്കും വിദേശ സർവകലാശാലകളിലെ പഠനം ഉപേക്ഷിക്കേണ്ടി വരില്ലെന്ന് എഎപി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ പ്രയോജനം സർക്കാർ ജീവനക്കാരുടെ മക്കൾക്കും ലഭിക്കുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.