Connect with us

From the print

ഹകീം ഫൈസിക്ക് മറുപടി ; തൂപ്പുകാരെ ആവശ്യമില്ലെന്ന് ജിഫ്‌രി തങ്ങള്‍

നിങ്ങള്‍ വേറെ കമ്പനിയെ നോക്കിക്കോളൂ

Published

|

Last Updated

കോഴിക്കോട്  | ഇ കെ വിഭാഗം സമസ്തക്ക് തൂപ്പുകാരെ ആവശ്യമില്ലെന്ന് അധ്യക്ഷന്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സി ഐ സി ജനറല്‍ സെക്രട്ടറി ഹകീം ഫൈസി അദൃശ്ശേരിക്ക് പരോക്ഷ മറുപടിയായാണ് ജിഫ്‌രി തങ്ങളുടെ പരിഹാസ പ്രസംഗം. ഇന്നലെ മൈസൂരുവില്‍ നടന്ന ഇ കെ വിഭാഗം സമസ്ത സമ്മേളനത്തിലായിരുന്നു പരാമര്‍ശം. സമസ്ത അശുദ്ധമായിരിക്കുകയാണെന്നും അവിടെ ശുദ്ധീകരണം ആവശ്യമാണെന്നുമായിരുന്നു ഹകീം ഫൈസി കഴിഞ്ഞ ദിവസം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടത്.

സമസ്തയില്‍ ശുദ്ധീകരണം നടത്തണമെന്നാണ് ചിലര്‍ പറയുന്നത്. ഞങ്ങള്‍ വന്ന് ശുദ്ധീകരണം നടത്തിത്തരാമെന്നും പറയുന്നുണ്ട്. അവിടത്തെ ഓഫീസും മറ്റും ശുദ്ധീകരിക്കാന്‍ കോണ്‍ട്രാക്ടുകാരെ ആവശ്യമില്ല. അവിടെ തന്നെ പണിക്കാരെ വെച്ച് ശുദ്ധീകരിക്കുകയാണ് ഞങ്ങള്‍. കക്കൂസും മറ്റും യഥാവിധി ശുദ്ധീകരിക്കപ്പെടുന്നുണ്ട്. ചില ആളുകള്‍ കഴിഞ്ഞ ദിവസം പരസ്യം കൊടുത്തതുകൊണ്ടാണ് ഇത് പറയേണ്ടി വന്നത്. ഈ കാര്യം ഞങ്ങളോട് പറയേണ്ട. നിങ്ങള്‍ അതിന് വേറെ കമ്പനികളെ നോക്കിക്കോളൂ. അവരുമായി എഗ്രിമെന്റ് ചെയ്‌തോളൂ.സമസ്തയോട് അങ്ങനെ ഒരു ശുദ്ധീകരണ പ്രക്രിയക്ക് എഗ്രിമെന്റുമായി ആരും വരേണ്ടതില്ല. സമസ്തയെ ആരും കുത്താന്‍ നോക്കേണ്ട. സമസ്തയെ ശുദ്ധീകരിക്കണമെന്ന തരത്തിലുള്ള വീമ്പുകളൊന്നും വേണ്ട. നമ്മള്‍ മോശക്കാരൊന്നുമല്ല. വിശ്വാസത്തില്‍ നമ്മള്‍ പഴഞ്ചന്‍മാരാണ്. ഇതില്‍ യാതൊരു തരത്തിലുള്ള ഭേദഗതിക്കും ആരേയും അനുവദിക്കുകയുമില്ല. കാലികമായുള്ളതൊന്നും നമ്മള്‍ക്ക് പഠിപ്പിച്ചുതരാന്‍ ആരും വരേണ്ട. മഹാന്‍മാരുടെ ഗുരുത്വത്തിലും പൊരുത്തത്തിലുമാണ് സമസ്ത മുന്നോട്ട് പോവുക. കാലഘട്ടത്തിനനുസരിച്ച് ചെയ്യേണ്ടതൊക്കെ ചെയ്യാന്‍ സമസ്തക്ക് അറിയാമെന്നും ജിഫ്‌രി തങ്ങള്‍ വ്യക്തമാക്കി.

കാലത്തിനനുസരിച്ച് പുരോഗമന ശൈലി സ്വീകരിക്കാനുള്ള വൈമനസ്യം അവസാനിപ്പിക്കണമെന്നും ഇ കെ വിഭാഗത്തിലെ ഒരു വിഭാഗം പഴഞ്ചന്‍ നിലപാടുകളുമായാണ് നടക്കുന്നതെന്നും ഹകീം ഫൈസി പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇ കെ വിഭാഗം മുശാവറ യോഗത്തില്‍ വാഗ്വാദവും അഭിപ്രായ ഭിന്നതയും രൂക്ഷമായിരുന്നുവെങ്കിലും സി ഐ സിയെ അംഗീകരിക്കരിക്കാനാകില്ലെന്നായിരുന്നു തീരുമാനം. നേരത്തെ ഇ കെ വിഭാഗം പുറത്താക്കിയ ഹകീം ഫൈസി അദൃശ്ശേരിയെ ഇ കെ വിഭാഗത്തെ പരിഗണിക്കാതെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത സാഹചര്യത്തിലായിരുന്നു മുശാവറ നിലപാട് ആവര്‍ത്തിച്ചത്. ഈ തീരുമാനം ഇ കെ വിഭാഗം അധ്യക്ഷന്‍ ജിഫ്‌രി തങ്ങള്‍ മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. കൂടാതെ, വഹാബി ഗ്രന്ഥത്തിന് കാവ്യരൂപം തയ്യാറാക്കിയ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അധ്യാപകന്‍ അബ്ദുല്ല ഫള്ഫരിയെ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് പുറത്താക്കണമെന്നും മുശാവറ ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട ഈ രണ്ട് തീരുമാനവും പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് ഇ കെ വിഭാഗം അധ്യക്ഷന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്ന വാര്‍ത്ത പ്രചരിച്ചത്. ഈ വിവാദം മുശാവറ യോഗത്തിലെ പ്രധാന തീരുമാനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന വാര്‍ത്തയുണ്ടായിരുന്നു.

 

Latest