Kerala
നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപോര്‍ട്ട്
പി പി ദിവ്യയുടെ വാദം പൊളിയുന്നു

തിരുവനന്തപുരം | കണ്ണൂര്‍ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതിനായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ തുടരന്വേഷണം വേണമെന്നും റിപോര്‍ട്ടില്‍ ആവശ്യമുണ്ട്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമാണെന്നും ദൃശ്യം ചിത്രീകരിച്ചത് ദിവ്യയുടെ ആവശ്യപ്രകാരമാണെന്നും റിപോര്‍ട്ടിലുണ്ട്. ദിവ്യക്കെതിരെ കണ്ണൂരിലെ പ്രാദേശിക ചാനല്‍ ജീവനക്കാരാണ് മൊഴി നല്‍കിയത്. ഇതോടെ ചടങ്ങില്‍ യാത്രാമധ്യേ പങ്കെടുത്തതാണെന്ന ദിവ്യയുടെ മൊഴി പൊളിയുകയാണ്.
നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും റിപോര്‍ട്ട് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ പ്രതികരിച്ചു.