Connect with us

Kerala

ധനവകുപ്പിന്റെ റിപോര്‍ട്ട്; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണം ഉന്നയിച്ച കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് എ കെ ബാലന്‍

'വീണ ജി എസ് ടി നല്‍കിയിട്ടുണ്ടെങ്കില്‍ ക്ഷമ പറയാമെന്ന് പറഞ്ഞയാളാണ് കുഴല്‍നാടന്‍. മാപ്പ് പറയുന്നതാണ് പൊതുപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുക.'

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ജി എസ് ടി അടച്ചിരുന്നുവെന്ന ധനവകുപ്പിന്റെ റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍, അവര്‍ക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍. സ്വകാര്യ കരിമണല്‍ കമ്പനിയായ സി എം ആര്‍ എലിന് വീണാ വിജയന്റെ ഐ ടി കമ്പനി നല്‍കിയ സേവനത്തിന് നികുതി നല്‍കിയിട്ടുണ്ടെന്നാണ് ധനവകുപ്പിന്റെ റിപോര്‍ട്ട്.

‘നികുതി അടച്ചതിന്റെ എല്ലാ രേഖയും വീണയുടെ കൈയില്‍ ഉണ്ടെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. അപ്പോഴേക്കും അയാള്‍ ഔപചാരിക കത്ത് കൊടുത്തു. അത് നല്‍കിയ സ്ഥിതിക്ക് അതിന്റെ മറുപടി വരുന്നത് വരെ കാത്തിരിക്കണമല്ലോ. അതിനിടയില്‍ ഞങ്ങള്‍ കൊടുക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ടാണ് നല്‍കാതിരുന്നത്’- എ കെ ബാലന്‍ പറഞ്ഞു.

വീണ ജി എസ് ടി നല്‍കിയിട്ടുണ്ടെങ്കില്‍ ക്ഷമ പറയാമെന്ന് പറഞ്ഞയാളാണ് കുഴല്‍നാടന്‍. മാപ്പ് പറയുന്നതാണ് പൊതുപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുക.

വിവരാവകാശ നിയമപ്രകാരം വ്യക്തികളുടെ നികുതി വിവരം കൊടുക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കുഴല്‍നാടന്‍ അപേക്ഷ നല്‍കിയത്. അപേക്ഷ നിയമവിരുദ്ധമായതിനാല്‍ തന്നെ അതിന്മേല്‍ സര്‍ക്കാരിന് ഒരു വിവരവും നല്‍കാന്‍ കഴിയില്ല. എന്നാല്‍, ധനകാര്യ മന്ത്രിക്ക് കുഴല്‍നാടന്‍ നല്‍കിയ ഒരു ഇ-മെയിലിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ധനകാര്യ വകുപ്പ് അദ്ദേഹത്തിന് കൃത്യമായ കണക്കുകള്‍ നല്‍കിയിരിക്കുകയാണ്- മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ബാലന്‍ പറഞ്ഞു.

നുണക്കച്ചവടത്തിന്റെ ഹോള്‍സെയില്‍ ഡീലറായിരിക്കുകയാണ് യു ഡി എഫും കോണ്‍ഗ്രസും.
നേരം വെളുത്താല്‍ തുടങ്ങും കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നേതാക്കള്‍ പച്ച നുണ പറയാന്‍. ദേവ ഗൗഡയുമായി ബന്ധപ്പെട്ടും അവര്‍ നുണ പറഞ്ഞു. മുഖ്യമന്ത്രിയെ വിളിച്ചിട്ടില്ലെന്ന് ഗൗഡ തന്നെ പറഞ്ഞപ്പോള്‍ അത് പൊളിഞ്ഞു. കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ മനസ്സില്‍ പിണറായി വിജയനുള്ള സ്ഥാനത്തിന് ഒരു പോറലും ഏല്‍പ്പിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്കൊന്നും സാധിക്കില്ലെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Latest