International
റോഹിങ്ക്യന്‍ ക്യാമ്പിലെ തീപ്പിടിത്തത്തിന് പിന്നില്‍ അട്ടിമറിയെന്ന് റിപ്പോര്‍ട്ട്
ഒരേ സമയത്ത് വിവിധ ഭാഗങ്ങളില്‍ തീപിടുത്തമുണ്ടായതായി കണ്ടെത്തൽ
ധാക്ക | റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പിനു തീപിടിച്ചതിനു പിന്നില്‍ അട്ടിമറിയെന്ന റിപോര്‍ട്ടുമായി അന്വേഷണ സംഘം. ഈ മാസം അഞ്ചിനാണ് റോഹിങ്ക്യക്കാരുടെ ക്യാമ്പിന് തീപിടിച്ചത്.
2,800നടുത്ത് വീടുകള്‍ കത്തിയമര്‍ന്നതോടെ 12,000ത്തോളം അഭയാര്‍ഥികള്‍ ഭവന രഹിതരായി. കൂടാതെ, ആശുപത്രിയും പഠനകേന്ദ്രവും ഉള്‍പ്പെടെ 90 കെട്ടിടങ്ങളും തീഗോളത്തിനിരയായി എന്നാണ് ഔദ്യോഗിക കണക്ക്.
മുളയും പ്ലാസ്റ്റിക്കും ഉപയോഗിച്ച് നിര്‍മിച്ച പതിനായിരക്കണക്കിന് കുടിലുകളിലായി ലക്ഷക്കണക്കിന് റോഹിങ്ക്യക്കാരാണ് അതിര്‍ത്തി ജില്ലയായ കോക്‌സ് ബസാറില്‍ കഴിയുന്നത്. 2017ല്‍ മ്യാന്‍മറില്‍ നടന്ന അടിച്ചമര്‍ത്തിലിനെ തുടര്‍ന്ന് ഒളിച്ചോടിയെത്തിയവരാണ് ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമങ്ങളില്‍ ദുരിത ജീവിതം നയിക്കുന്നത്.
കോക്‌സ് ബസാര്‍ ജില്ലാ പോലീസ് മേധാവി അബു സുഫിയാന്‍ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘം നടത്തിയ അന്വേഷണത്തിലാണ് അട്ടിമറിയുടെ കഥ വെളിപ്പെട്ടത്. ഒരേ സമയത്ത് വിവിധ ഭാഗങ്ങളില്‍ തീപിടുത്തമുണ്ടായതായി അന്വേഷണ സംഘം കണ്ടെത്തി. ചുരുങ്ങിയത് അഞ്ചിടത്ത് ഒരുമിച്ച് തീപിടിച്ചതായാണ് റിപോര്‍ട്ട്.
2021ല്‍ മാര്‍ച്ചിലുണ്ടായ തീപിടുത്തത്തില്‍ 15 അഭയാര്‍ഥികള്‍ കൊല്ലപ്പെടുകയും പതിനായിരത്തില്‍ പരം വീടുകള്‍ കത്തിയമരുകയും ചെയ്തിരുന്നു.