Connect with us

Kerala

എ ഡി എം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്ന് റിപ്പോര്‍ട്ട്

എ ഡി എം നവീന്‍ ബാബുവിന്റ മരണത്തില്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യു മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി

Published

|

Last Updated

തിരുവനന്തപുരം | എ ഡി എം നവീന്‍ ബാബുവിന്റ മരണത്തില്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യു മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. എ ഡി എം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായി കലക്ടറുടെ പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ല. തെറ്റ് പറ്റിയെന്ന് എ ഡി എം പറഞ്ഞതായുള്ള മൊഴിയില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം നടക്കട്ടെ എന്നാണ് കലക്ടറുടെ നിലപാട്. എന്താണ് എ ഡി എം ഉദ്ദേശിച്ചതെന്ന കാര്യത്തില്‍ വ്യക്തത ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ തേടിയിട്ടുമില്ല കളക്ടര്‍ നല്‍കിയിട്ടുമില്ലെന്നാണ് വിവരം.

നവീന്‍ ബാബുവിന്റെ കുടുംബം ഉന്നയിച്ച ആരോപണം ഉള്‍പ്പെടെ എല്ലാം പരിശോധനയ്ക്ക് വിധേയമാകട്ടെ എന്നും ആവശ്യമെങ്കില്‍ പോലീസ് അന്വേഷണം നടക്കട്ടെ എന്നുമാണ് കലക്ടര്‍ പറയുന്നത്. എ ഡി എമ്മിന്റെ മരണത്തിന് ശേഷം കലക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വിവാദ പരാമര്‍ശം ഒന്നുമുണ്ടായിരുന്നില്ല. കലക്ടറുടെ പുതിയ മൊഴിയില്‍ എ ഡി എമ്മിന്റെ കുടുംബത്തിനും റവന്യു മന്ത്രിക്കും അതൃപ്തി ഉണ്ടെന്നാണ് വിവരം.

ഏതായാലും ഇക്കാര്യത്തില്‍ ഇനി എന്ത് തുടര്‍ നടപടി സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് അറിയേണ്ടത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ കലക്ടറെ മാറ്റണമെന്ന ആവശ്യം റവന്യു മന്ത്രിക്കും വകുപ്പിനും ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണ്ണായകമാണ്.