International
ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവെച്ചു
സര്‍വകക്ഷി യോഗത്തിന്റെ തീരുമാന പ്രകാരമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.
കൊളംബോ | ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവെച്ചു. സര്‍വകക്ഷി യോഗത്തിന്റെ തീരുമാന പ്രകാരമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.ട്വിറ്റർ വഴിയാണ് രാജി പ്രഖ്യാപനം. സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പാർട്ടി നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഒരു സർവകക്ഷി സർക്കാർ ഉണ്ടാക്കുമെന്നും അതിനായി താൻ രാജിവെക്കുന്നു എന്നുമാണ് റനിൽ വിക്രമസിംഗെ ട്വീറ്റ് ചെയ്തത്.
അതേസമയം, പ്രസിഡന്റ് ഗോതബായ രാജപക്സെ കപ്പലില്‍ ഇരുന്ന് രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട് .പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകര്‍ കൈയടക്കുന്നതിന് മുമ്പേ ഗോതബായ രാജപക്സെ രാജ്യം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സൈനിക കപ്പലില്‍ ലങ്കന്‍ തീരത്തുതന്നെയുള്ള പ്രസിഡന്റ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാലെ തിരികെയെത്തു എന്നാണ് അറിയുന്നത്. പതിനായിരക്കണക്കിന് ജനങ്ങളാണ് ശനിയാഴ്ച പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. റോഡ്, ട്രെയിന്‍ ഗതാഗതം പ്രക്ഷോഭകര്‍ നിയന്ത്രണത്തിലാക്കി. കൊളംമ്പോ നഗരം പൂര്‍ണമായും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്.
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി ലങ്കയില്‍ പ്രക്ഷോഭം തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള പ്രക്ഷോഭം കനത്തതോടെ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിട്ടും ഗോതബായ പ്രസിഡന്റായി തുടരുകയായിരുന്നു