National
പ്രവാസി സംഘടന പ്രതിനിധികള്‍ ഡല്‍ഹിയിലേക്ക്; ഡയസ്പോറ സമ്മിറ്റ് നാളെ
യു എ ഇയിലെ മുപ്പതില്‍പരം പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ചു 150 ഓളം പ്രതിനിധികളാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്.
അബൂദബി| സീസണ്‍ സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ദ്ധനവിനും, വോട്ടവകാശത്തിനും പരിഹാരം തേടി വിവിധ പ്രവാസി സംഘടന പ്രതിനിധികള്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന സമ്മിറ്റില്‍ പങ്കെടുക്കുന്നതിനായി ഇന്ന് യാത്ര തിരിക്കും. യു എ ഇയിലെ മുപ്പതില്‍പരം പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ചു 150 ഓളം പ്രതിനിധികളാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്. നാളെ ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഹാളില്‍ ആണ് സമ്മിറ്റ് നടക്കുക.
സമ്മിറ്റില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു. കെ എം സി സിയുടെ നേതൃത്വത്തില്‍ മുപ്പതോളം പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ‘ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഹാളില്‍ നടക്കുന്ന സമ്മിറ്റില്‍ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം പിമാരും പങ്കെടുക്കും. സമ്മിറ്റില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ റിപ്പോര്‍ട്ടിംഗ് വൈകുന്നേരം 5മണിക്ക് ആരംഭിക്കും.
രണ്ട് സെഷനുകളിലായാണ് സമ്മിറ്റ് നടക്കുക. വിമാനയാത്രാക്കൂലിയുമായി ബന്ധപ്പെട്ട സെഷനില്‍ ദുബൈ, മുന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി പങ്കെടുക്കും. പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട സെഷനില്‍ മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറൈഷിയും സംബന്ധിക്കും.
വൈകുന്നേരം 7 മണിക്ക് നടക്കുന്ന മുഖ്യ സെഷനില്‍ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ സമ്മിറ്റില്‍ പ്രവാസികളുമായി സംവദിക്കും. സമ്മിറ്റിന്റെ ഭാഗമായി വിവിധ പ്രവാസി സംഘടനകള്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും അടങ്ങിയ മാര്‍ഗരേഖ എം പിമാര്‍ക്ക് സമര്‍പ്പിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ കഴിഞ്ഞ നാളുകളില്‍ നടത്തിയ ക്രിയാത്മകമായ ഇടപെടലുകള്‍ ഈ സമ്മിറ്റിന് ഊര്‍ജം പകരും.
പ്രവാസികള്‍ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങളില്‍ കൂട്ടായ മുന്നേറ്റത്തിന് അബുദാബിയിലെ മുപ്പതോളം പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ഡയസ്പോറ സമ്മിറ്റിന്റെ ആദ്യ രണ്ടു സെഷനുകള്‍ കഴിഞ്ഞ ഫെബ്രുവരി 11, മെയ് 5 ദിവസങ്ങളില്‍ നടന്നിരുന്നു. ഇതില്‍ വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതില്‍ വിമാനയാത്രാകൂലിയും പ്രവാസികള്‍ ജോലി ചെയ്യുന്നിടത്തു നിന്നും വോട്ട് ചെയ്യുവാനുള്ള അവകാശവും മര്‍മ പ്രധാനമായ വിഷയമായിരുന്നു. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ തന്നെ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ഈ വിഷയം ഉന്നയിച്ചത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്നതാണ്. സമ്മിറ്റിലെ വിഷയങ്ങളും പരിഹാരങ്ങളും, നിവേദനമാക്കി, വ്യോമയാന മന്ത്രിക്കും, വിദേശകാര്യ മന്ത്രിക്കും സംഘടന സമര്‍പ്പിക്കുന്നതാണ്. ഡല്‍ഹി കെഎംസിസി യുടെ മേല്‍നോട്ടത്തിലാണ് ഒരുക്കങ്ങള്‍ നടന്നു വരുന്നത്.