Connect with us

National

പ്രവാസി ഭാരതീയ ദിവസിൽ ഗൾഫ് പ്രവാസികളുടെ വിഷയങ്ങൾ ഉന്നയിച്ച് പ്രതിനിധികൾ 

ഗൾഫ് മേഖലയിലെ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളിയും പരിഹരിക്കേണ്ട ഏറ്റവും സുപ്രധാന സമയമാണിത്. കുടിയേറ്റ പ്രവണതയിൽ കാര്യമായ മാറ്റങ്ങൾ വരികയും മത്സരാന്തരീക്ഷം സംജാതമാവുകയും ചെയ്യുമ്പോൾ അവരെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണ്.

Published

|

Last Updated

ഭുവനേശ്വർ | ഒഡീസയിലെ ഭുവനേശ്വറില്‍ നടക്കുന്ന പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച് ഗൾഫിൽ നിന്നുള്ള പ്രതിനിധികൾ. ബ്ലൂ കോളർ ജോലി ചെയ്തുവരുന്ന അടിസ്ഥാന പ്രവാസി വിഭാഗം നേരിടുന്ന വിവിധ വിഷയങ്ങളിൽ മതിയായ പരിഗണന ഉണ്ടാവണമെന്നും സമ്മേളനത്തോട് അനുബന്ധമായി നടന്ന ഡയസ്പോറ മീറ്റിംഗുകളിൽ അവര്‍ ആവശ്യപ്പെട്ടു.

വിദേശ ഇന്ത്യക്കാരുമായി ഇടപഴകുന്നതിനും ബന്ധപ്പെടുന്നതിനും പ്രവാസികളെ പരസ്പരം ഇടപഴകാൻ പ്രാപ്തരാക്കുന്ന പ്രവാസി ഭാരതീയ ദിവസ് പോലുള്ള സംഗമങ്ങൾ അനിവാര്യമുള്ളവയാണെന്ന് ഐ സി എഫ് പ്രതിനിധിയും ലോക കേരള സഭാംഗവുമായ ശരീഫ് കാരശ്ശേരി ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമ, നൈപുണ്യ വികസന, ആശ്വാസ പദ്ധതികൾ അവതരിപ്പിക്കാനും അതിലൂടെ പ്രവാസികളെ ശാക്തീകരിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് അനുദിനം വൈവിധ്യവത്കരിക്കപ്പെടുന്ന ആഗോള തൊഴിൽ മാർക്കറ്റിൽ ഇന്ത്യക്കാർക്ക് ഇടം ലഭിക്കുകയുള്ളൂ. തിരിച്ചെത്തുന്നവർക്ക് പുനരധിവാസം, പെൻഷൻ അടക്കമുള്ള അടിസ്ഥാന കാര്യങ്ങളും നിർവഹിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ വെൽഫെയർ കാര്യങ്ങളിലെ കാര്യക്ഷമത, ദമാമിൽ ഇന്ത്യൻ കോൺസുലേറ്റ് സ്ഥാപിക്കൽ,  വിമാന യാത്ര നിരക്കിലെ അമിതമായ കൊള്ള അവസാനിപ്പിക്കുന്നതിനു റെഗുലേറ്ററി അതോറിറ്റി, വിവിധ സാങ്കേതിക വിഷയങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സഹായിക്കുന്നതിന് ലീഗൽ സെൽ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചതായി ഒ ഐ സി സി സൗദി വെസ്റ്റേൺ റീജിണൽ കമ്മിറ്റി മുൻ പ്രസിഡന്റും ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ കെ ടി എ മുനീർ ജിദ്ദ പറഞ്ഞു.

പുനരധിവാസത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കുമായി വിവിധ പദ്ധതികൾ വേണമെന്ന് ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി അംഗം റസാഖ് പൂക്കോട്ടുംപാടം റിയാദ് ആവശ്യപ്പെട്ടു.ഉന്നത വിദ്യാഭ്യാസത്തിനായി ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ യുണിവേഴ്സിറ്റികളുടെ സാനിദ്ധ്യം ഉറപ്പുവരുത്തുന്നതിന് എൻ ആർ ഐ യൂണിവേഴ്സിറ്റി സ്ഥാപിക്കണമെന്നും പുതിയ കാലഘട്ടത്തിലെ ആവശ്യങ്ങൾ മനസിലാക്കിയുള്ള ജോബ് മാപ്പിങ്ങും പരിശീലനവും ഉണ്ടാവണമെന്നും പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊടുക്കാട് ആവശ്യപ്പെട്ടു.

ഗൾഫ് മേഖലയിലെ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളിയും പരിഹരിക്കേണ്ട ഏറ്റവും സുപ്രധാന സമയമാണിത്. കുടിയേറ്റ പ്രവണതയിൽ കാര്യമായ മാറ്റങ്ങൾ വരികയും മത്സരാന്തരീക്ഷം സംജാതമാവുകയും ചെയ്യുമ്പോൾ അവരെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണ്. യാത്ര, തൊഴിൽ മേഖലയിലെ വെല്ലുവിളികൾ, നൈപുണ്യ വികസനം, സഹായ സേവന പ്രവർത്തനങ്ങൾ, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ വൈവിധ്യമായ പ്രശ്‍നങ്ങൾ അഭിമുഖീകരിക്കുകയാണ് അവരെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

ഇവക്ക് പ്രായോഗിക പരിഹാരം സൃഷ്ടിക്കുക എന്ന പ്രധാന ദൗത്യം സർക്കാർ നിര്വഹിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.കുടിയേറ്റത്തെക്കുറിച്ചുള്ള ആഗോള വിവാദങ്ങളും തിരിച്ചടികളും ഇന്ത്യ പോലുള്ള വലുതും വളർന്നുവരുന്നതുമായ പ്രവാസി സമൂഹമുള്ള രാജ്യങ്ങൾക്കും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവന്നത് ഉൾക്കൊള്ളേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

Latest