Connect with us

Kerala

മര്‍കസില്‍ റിപ്പബ്ലിക് ദിനാഘോഷം; ഭരണഘടന മുന്നില്‍ നിര്‍ത്തുകയെന്നതാണ് അഭിവൃദ്ധിയിലേക്കുള്ള ആദ്യപടി: ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

ഭരണഘടനാ മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ ഭരണാധികാരികളും പൗരരും തയ്യാറാവണം എന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

Published

|

Last Updated

കോഴിക്കോട്  | ഭരണഘടന മുന്നില്‍ നിര്‍ത്തുകയെന്നതാണ് അഭിവൃദ്ധിയിലേക്കുള്ള നമ്മുടെ ആദ്യപടി. ഭരണഘടനാ മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ ഭരണാധികാരികളും പൗരരും തയ്യാറാവണം എന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. 76 -ാമത് റിപ്ലബ്ലിക് ദിനത്തിന്റെ ഭാഗമായി മര്‍കസില്‍ നടന്ന ആഘോഷ പരിപാടികളില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം, പരമാധികാരം എന്നീ മഹനീയ മൂല്യങ്ങളുടെ നിലനില്‍പ്പിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമര്‍പ്പണമാവണം ഓരോ പൗരന്റെയും ജീവിതം. രാജ്യത്ത് ഐക്യവും സമാധാനവും ക്ഷേമവും വികസനവും സാധ്യമാവണമെങ്കില്‍ വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യന്‍ ജനതയെന്ന അഖണ്ഡതയോടെ ഒന്നിച്ചുനിന്നേ മതിയാവൂ -ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.

മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ എസ് പി സി, എന്‍ സി സി, ജെ ആര്‍ സി, സ്‌കൗട്ട് കേഡറ്റുകളുടെ പരേഡ് നടന്നു. മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൂസക്കോയ, മര്‍കസ് ബോയ്‌സ് ഹൈ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി അബ്ദുന്നാസര്‍, പി ടി എ പ്രസിഡണ്ട് ശമീം കെ കെ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ കെ അബ്ദുല്‍ ജലീല്‍ ആശംസകള്‍ അറിയിച്ചു. അക്ബര്‍ ബാദുശ സഖാഫി, ഹനീഫ് അസ്ഹരി, സ്‌കൂള്‍ അധ്യാപകര്‍, രക്ഷിതാക്കള്‍ സംബന്ധിച്ചു. എസ് പി സി ട്രൈനിംഗ് പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ഉപഹാരം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സമ്മാനിച്ചു. കേരളത്തിലെയും 22 സംസ്ഥാനങ്ങളിലെയും വിവിധ മര്‍കസ് ക്യാമ്പസുകളിലും ഇതേ സമയം റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നടന്നു.