Connect with us

Editorial

നിറം മങ്ങുന്ന റിപബ്ലിക് ദിനാഘോഷങ്ങള്‍

വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ സൗഹൃദവും സഹിഷ്ണുതയും മാനുഷിക സാഹോദര്യവും കളിയാടുന്ന നാടായാണ് ഇന്ത്യന്‍ റിപബ്ലിക്കിനെ രാഷ്ട്രശില്‍പ്പികള്‍ വിഭാവന ചെയ്തത്. അവരുടെ സ്വപ്നങ്ങളിലും പ്രതീക്ഷകളിലും കരിനിഴല്‍ വീഴ്ത്തുകയാണ് ഫാസിസം മുഖമുദ്രയാക്കിയ രാഷ്ട്രീയ കക്ഷികളും ഭരണകൂടങ്ങളും.

Published

|

Last Updated

വര്‍ഗീയ സംഘര്‍ഷങ്ങളുടെ നാടെന്ന അപഖ്യാതിയുമായാണ് രാജ്യം ഇന്ന് റിപബ്ലിക് ദിനമാഘോഷിക്കുന്നത്. ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ പൂര്‍വോപരി വര്‍ധിച്ചതായി പഠനങ്ങള്‍ കാണിക്കുന്നു. 2024ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ഗീയ കലാപങ്ങളില്‍ 84 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി മനുഷ്യാവകാശ സംഘടനയായ “സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്യുലറിസം’ (സി എസ് എസ് എസ്) നടത്തിയ പഠനത്തില്‍ കണ്ടെത്തി. 32 ആയിരുന്നു 2023ലെ കലാപങ്ങളുടെ എണ്ണമെങ്കില്‍ 2024ല്‍ 54 ആയി ഉയര്‍ന്നു. ഇതില്‍ 49 എണ്ണവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് (വര്‍ഗീയ കലാപങ്ങളായിരുന്നില്ല, മതന്യൂനപക്ഷങ്ങള്‍ക്കു നേരെ ഭൂരിപക്ഷ വര്‍ഗീയത നടത്തിയ ഏകപക്ഷീയമായ ആക്രമണങ്ങളായിരുന്നു യഥാര്‍ഥത്തില്‍ ഇവയത്രയും). മോദി ഭരണത്തില്‍ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ കുറഞ്ഞെന്ന ബി ജെ പിയുടെ അവകാശവാദത്തെ നിരാകരിക്കുന്നതാണ് പഠന റിപോര്‍ട്ട്.

മുഖ്യമായും മുസ്‌ലിം സമുദായത്തെ ലക്ഷ്യമാക്കിയാണ് അക്രമങ്ങള്‍ അരങ്ങേറിയതെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരായ മിഥില റൗത്ത്, നേഹ ദാബ്ഡെ, എന്‍ജിനീയര്‍ ഇര്‍ഫാന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഗണേഷ് ചതുര്‍ഥി, സരസ്വതി പൂജ, ബക്രീദ് തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് മിക്ക അക്രമങ്ങളും നടന്നത്. അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നാലും സരസ്വതി പൂജാ വിഗ്രഹ നിമഞ്ജനം, ഗണേഷ് പൂജ, ബക്രീദ് എന്നിവയുമായി ബന്ധപ്പെട്ട് യഥാക്രമം ഏഴും നാലും രണ്ടും വര്‍ഗീയ ആക്രമണങ്ങള്‍ അരങ്ങേറി. ഇതിലെറെയും തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു. വിദ്വേഷ പ്രസംഗം, ഗോസംരക്ഷക ഗുണ്ടകളുടെ അക്രമം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടങ്ങിയവ കലാപങ്ങള്‍ക്ക് ആക്കം കൂട്ടി. ആരാധനാലയ തര്‍ക്കമാണ് പല കലാപങ്ങള്‍ക്കും വഴിമരുന്നിട്ടത്. മുസ്‌ലിം പള്ളികളില്‍ ക്ഷേത്രാവശിഷ്ടം കണ്ടെത്തിയെന്ന് അവകാശവാദം ഉന്നയിക്കുകയും പിന്നാലെ വര്‍ഗീയ അക്രമങ്ങള്‍ അരങ്ങേറുകയുമായിരുന്നുവെന്ന് റിപോര്‍ട്ട് പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി നടത്തിയ വര്‍ഗീയ പ്രചാരണങ്ങളാണ് 2024ല്‍ വര്‍ഗീയ അക്രമങ്ങളും സംഘര്‍ഷങ്ങളും വര്‍ധിക്കാന്‍ കാരണമെന്ന് “ഹ്യൂമന്‍ റൈറ്റ്സ് വാച്ച്’ തുടങ്ങി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ നിരീക്ഷിക്കുകയുണ്ടായി. വര്‍ഗീയതയെ ചെറുക്കാന്‍ ബാധ്യസ്ഥനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്‍തോതില്‍ വര്‍ഗീയ പ്രചാരണം നടത്തിയതെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഏഷ്യന്‍ ഡയറക്ടര്‍ എലൈന്‍ പിയേഴ്സണ്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം നരേന്ദ്ര മോദി നടത്തിയ 110 പ്രസംഗങ്ങളും ഇസ്‌ലാമോഫോബിക് ആയിരുന്നുവെന്ന് മോദിയുടെ 173 തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ പഠന വിധേയമാക്കിയ “ഹ്യൂമന്‍ റൈറ്റ്സ് വാച്ച്’ കണ്ടെത്തി. ഹൈന്ദവ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന നുഴഞ്ഞുകയറ്റക്കാരെന്നാണ് മുസ്‌ലിംകളെ മോദി കുറ്റപ്പെടുത്തിയത്. വംശം, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം അവസാനിപ്പിക്കാനും എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പാക്കാനും വ്യവസ്ഥ ചെയ്യുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടിയെ അംഗീകരിക്കുകയും ഉടമ്പടിയില്‍ ഒപ്പ് വെക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഇതിനു നേരെ കണ്ണടച്ചാണ് മോദിയും പാര്‍ട്ടിയും പ്രചാരണങ്ങളിലുടനീളം വര്‍ഗീയത ആളിക്കത്തിച്ചതെന്ന് സംഘടന വിലയിരുത്തി.

പൊതുതിരഞ്ഞെടുപ്പും ബി ജെ പിയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള മഹാരാഷ്ട്ര പോലുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളുമാണ് 2014ല്‍ വര്‍ഗീയ സംഘര്‍ഷങ്ങളുടെ നിരക്ക് വന്‍തോതില്‍ ഉയരാന്‍ കാരണമെന്നാണ് “ദി കാരവന്‍’ മാഗസിന്റെ വിലയിരുത്തല്‍. 2024 മെയ് 15ന് ശേഷം അരങ്ങേറിയ അറുനൂറിലധികം വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നാനൂറിലേറെയും സംസ്ഥാന അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന 112 മണ്ഡലങ്ങളിലോ അതിന്റെ സമീപ പ്രദേശങ്ങളിലോ ആയിരുന്നുവെന്നാണ് കാരവന്‍ റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നടന്ന 54 വര്‍ഗീയ അക്രമങ്ങളില്‍ 12 എണ്ണവും നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലായിരുന്നുവെന്ന് സി എസ് എസ് എസ് റിപോര്‍ട്ടിലും രേഖപ്പെടുത്തുന്നു. വര്‍ഗീയതയാണ് എക്കാലത്തും ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ആയുധം. വിലക്കയറ്റം, കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങി ജനകീയ പ്രശ്നങ്ങളൊന്നും അവരുടെ അജന്‍ഡയില്‍ കടന്നു വരാറില്ല. വര്‍ഗീയത ആളിക്കത്തിച്ച് അതുവഴി സൃഷ്ടിക്കപ്പെടുന്ന സാമുദായിക ധ്രുവീകരണമാണ് പാര്‍ട്ടിയുടെ വളര്‍ച്ചയുടെയും തിരഞ്ഞെടുപ്പ് വിജയങ്ങളുടെയും പിന്നില്‍. പാഠപുസ്തകങ്ങളില്‍ മതവിദ്വേഷം വളര്‍ത്തുന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വളര്‍ന്നു വരുന്ന തലമുറകളിലും വര്‍ഗീയത ഊട്ടിയുറപ്പിക്കുന്നു.

76ാം റിപബ്ലിക് ദിനമാഘോഷത്തിലാണ് ഇന്ന് രാജ്യവും ജനങ്ങളും. 1950 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓര്‍മപുതുക്കല്‍. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനയുടെ ആഘോഷദിനം. വൈവിധ്യ ഭാഷകള്‍, സംസ്‌കാരങ്ങള്‍, മതങ്ങള്‍, പാരമ്പര്യങ്ങള്‍, ആചാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ സൗഹൃദവും സഹിഷ്ണുതയും മാനുഷിക സാഹോദര്യവും കളിയാടുന്ന നാടായാണ് ഇന്ത്യന്‍ റിപബ്ലിക്കിനെ രാഷ്ട്രശില്‍പ്പികള്‍ വിഭാവന ചെയ്തത്. അവരുടെ സ്വപ്നങ്ങളിലും പ്രതീക്ഷകളിലും കരിനിഴല്‍ വീഴ്ത്തുകയാണ് ഫാസിസം മുഖമുദ്രയാക്കിയ രാഷ്ട്രീയ കക്ഷികളും ഭരണകൂടങ്ങളുമെന്നാണ് വര്‍ഗീയ ആക്രമണങ്ങളുടെ വന്‍തോതിലുള്ള എണ്ണപ്പെരുപ്പം വിരല്‍ചൂണ്ടുന്നത്. രാജ്യത്തെ മതേതര കൂട്ടായ്മക്ക് മാത്രമേ ഈ വിപത്തിനെ ചെറുക്കാനാകൂ.

Latest