National
റിപ്പബ്ലിക് ദിനാഘോഷം: ഇന്തോനേഷ്യന്‍ പ്രസിഡന്റ് ഡല്‍ഹിയില്‍ എത്തി
പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള പ്രബോവോ സുബിയാന്തോയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.
ന്യൂഡല്‍ഹി|രാജ്യത്തിന്റെ 76ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡല്‍ഹിയില്‍ എത്തി. വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹം എത്തിയത്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ സുബിയാന്തോയെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയാണ് വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചത്.
ഇന്തോനേഷ്യയില്‍ നിന്നുള്ള 352 അംഗ മാര്‍ച്ചും ബാന്‍ഡ് സംഘവും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ പങ്കെടുക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ എന്നിവരുമായി സുബിയാന്തോ കൂടിക്കാഴ്ച നടത്തും.
പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള പ്രബോവോ സുബിയാന്തോയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. 2020ല്‍ ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ സുബിയാന്തോ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു.