National
റിപ്പബ്ലിക് ദിനം: ദേശീയ പതാക നിര്‍മ്മിച്ച് കാശ്മീരിലെ പെണ്‍കുട്ടികള്‍
കുപ്വാര ജില്ലയിലെ 20 പെണ്‍കുട്ടികളാണ് ദേശീയ പതാക നിര്‍മ്മിക്കാന്‍ സന്നദ്ധരായി എത്തിയത്.
ന്യൂഡല്‍ഹി| രാജ്യം നാളെ റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. ഇപ്രാവശ്യം ഒരാഴ്ച നീണ്ടു നില്‍ക്കുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇപ്പോള്‍ ജമ്മു കാശ്മീരിലെ കുപ്വാരയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ദേശീയ പതാക തയാറാക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
സ്ത്രീകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തയ്യല്‍ ക്ലാസിലാണ് പെണ്‍കുട്ടികള്‍ ദേശീയ പതാക നിര്‍മ്മിച്ചത്. നൈപുണ്യ വികസന കേന്ദ്രത്തിലെ മുസ്ലീം പെണ്‍കുട്ടികളാണ് ദേശീയ പതാക തയാറാക്കുന്നത്.
കുപ്വാര ജില്ലയിലെ 20 പെണ്‍കുട്ടികളാണ് ദേശീയ പതാക നിര്‍മ്മിക്കാന്‍ സന്നദ്ധരായി എത്തിയത്. ഇതിനാവശ്യമായ എല്ലാ സഹായങ്ങളും അവര്‍ക്ക് ഇന്ത്യന്‍ സൈന്യം ഉറപ്പുവരുത്തിയിട്ടുണ്ട്. അതേസമയം ഹര്‍ ഘര്‍ തിരംഗ കാമ്പെയ്‌നിന് ശേഷം ഏറെ ആവേശത്തോടെയാണ് കാശ്മീരിലെ സ്ത്രീകളും കുട്ടികളും റിപ്പബ്ലിക് ദിനത്തെ വരവേല്‍ക്കുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ഓടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആരംഭിച്ചത്. രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30നാണ് ആഘോഷങ്ങള്‍ അവസാനിക്കുക.