Editors Pick
ബഹിരാകാശത്ത് ജലകണികകള്‍ കണ്ടെത്തി ഗവേഷകര്‍
ഭൂമിയില്‍ നിന്ന് 97 പ്രകാശവര്‍ഷം അകലെയുള്ള ഗ്രഹത്തിലാണ് ഗവേഷകര്‍ ജലത്തിന്റെ സാനിധ്യം കണ്ടെത്തിയത്.
വാഷിംഗ്ടൺ | ബഹിരാകാശത്ത് ജലകണികകള്‍ തേടിയുള്ള അന്വേഷണത്തില്‍ ഒടുവില്‍ വിജയം കണ്ടെത്തി ഗവേഷകര്‍. ഭൂമിയില്‍ നിന്ന് 97 പ്രകാശവര്‍ഷം അകലെയുള്ള ഗ്രഹത്തിലാണ് ഗവേഷകര്‍ ജലത്തിന്റെ സാനിധ്യം കണ്ടെത്തിയത്. ഹബ്ബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ചുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ജി ജെ 9827 എന്നാണ് ഈ ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. മറ്റ് ഗ്രഹങ്ങള്‍ക്ക് ചുറ്റും ഇത്തരത്തില്‍ ജല സാനിധ്യമുള്ള ഗ്രഹങ്ങള്‍ ഉണ്ടാവാമെങ്കിലും അന്തരീക്ഷ നിരീക്ഷണത്തിലൂടെ കാണാന്‍ കഴിയുന്നത് ആദ്യമാണെന്ന് ഗവേഷകനും മോണ്‍ട്രിയല്‍ ട്രോട്ടിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഓണ്‍ എക്‌സോപ്ലാനറ്റിലെ പ്രൊഫസറുമായ ജോണ്‍ ബെനക് പറഞ്ഞു. ആസ്‌ട്രോ ഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സില്‍ വ്യാഴാഴ്ചയാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്.
അന്തരീക്ഷത്തില്‍ ജല സാനിധ്യം ഉള്ളതായി കണ്ടെത്തിയ ഏറ്റവും ചെറിയ ഗ്രഹമാണ് ഇതെന്ന് പഠനം പറയുന്നു. എന്നാല്‍ ഈ ഗ്രഹത്തില്‍ ജീവന്‍ നിലനിര്‍ത്താനുള്ള സാഹചര്യം ഇല്ലെന്നും പഠനം വ്യക്തമാക്കുന്നു. 427 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഈ ഗ്രഹത്തിലുള്ളത്. ചുട്ടുപൊള്ളുന്ന ഈ ചൂടിന് അന്തരീക്ഷത്തിലെ ജലത്തെ ചൂടുള്ള നീരാവിയാക്കിമാറ്റാനാവുമെന്നും പഠനങ്ങള്‍ പറയുന്നു. ശുക്രനോളം വരുന്ന ചൂടാണിത്. എന്നാല്‍ ഗ്രഹത്തിലെ അന്തരീക്ഷത്തിന്റെ യഥാര്‍ത്ത സ്വഭാവം ഇത് വരെ കണ്ടെത്തിയിട്ടില്ല.