Science
മറവി കുറയ്ക്കാന്‍ ചില ജോലികള്‍ക്ക് കഴിയുമെന്ന് ഗവേഷകര്‍
മനസ്സിനെ ഉദ്ദീപിക്കുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്ക് മറവിരോഗം കുറയും
ലണ്ടന്‍| പ്രായമാകുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം മറവിരോഗങ്ങളും ഉണ്ടാകും. എന്നാല്‍ ചെറുപ്പമായിരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മറവിരോഗം കുറയ്ക്കാമെന്നാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകര്‍ പറയുന്നത്. മസ്തിഷ്‌ക കോശങ്ങള്‍ ജീര്‍ണിക്കുന്നതിനാലാണ് വാര്‍ദ്ധക്യത്തില്‍ മറവി കൂടുന്നത്. ചെറുപ്പകാലത്ത് ചെയ്യുന്ന ചില ജോലികള്‍ മറവിരോഗ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. യു.കെ, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലെ ഒരു ലക്ഷം ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
മനസ്സിനെ ഉദ്ദീപിക്കുന്ന ജോലികള്‍ ചെയ്യുന്നവരിലാണ് മറവിരോഗ സാധ്യത കുറയുന്നതായി കണ്ടെത്തിയത്. ഉയര്‍ന്ന തീരുമാനങ്ങള്‍ എടുക്കുന്നവര്‍, നിരന്തര ഉത്തരവാദിത്വ ബോധമുള്ളവര്‍ എന്നിവരാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇത്തരക്കാര്‍ക്ക് 80 വയസ്സിലാണ് മറവിരോഗം അനുഭവപ്പെടുന്നതെങ്കില്‍ മറ്റുള്ളവര്‍ക്ക് 73 വയസ്സില്‍ തന്നെ മറവിരോഗം കണ്ടു തുടങ്ങുമെന്ന് ഗവേഷക സംഘം മേധാവിയും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ എപിഡെമിയോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസര്‍ മിക കിവിമാകി പറഞ്ഞു. മനുഷ്യ ശരീരത്തിലെ രക്തത്തിലുള്ള പ്ലാസ്മകളിലടങ്ങിയ പ്രോടീനുകള്‍ക്കും ഈ പ്രക്രിയയില്‍ പങ്കുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തലച്ചോറിനെ നിരന്തരം പ്രവര്‍ത്തനക്ഷമമായി നിലനിര്‍ത്താന്‍ സാധിച്ചാല്‍ മറവി രോഗം കുറക്കാനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു.