Kerala
അമര്‍ഷവും അതൃപ്തിയും അടങ്ങുന്നില്ല; പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലടക്കം ഇ പി പങ്കെടുക്കില്ല
സംസ്ഥാനത്തില്ലെന്നാണ് വിട്ടുനില്‍ക്കുന്നതിന് കാരണമായി ഇ പി പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്.
കണ്ണൂര്‍ | ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കിയതിലുള്ള ഇ പി ജയരാജന്റെ അതൃപ്തിയും അമര്‍ഷവും ഒടുങ്ങിയില്ലെന്ന് സൂചന. ഏറെ നാളുകള്‍ക്ക് ശേഷം ഇന്നലെ പാര്‍ട്ടി പരിപാടിയില്‍ സാന്നിധ്യം അറിയിച്ചതിലൂടെ നേതൃത്വത്തുമായുള്ള മഞ്ഞുരുക്കത്തിന് സാധ്യത തെളിയുന്നുവെന്ന തോന്നലുണ്ടാക്കിയെങ്കിലും അത് ശരിയല്ലെന്ന തരത്തിലാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉള്‍പ്പെടെ ഇ പി ജയരാജന്‍ പങ്കെടുക്കില്ലാണ് അറിയുന്നത്. സംസ്ഥാന കമ്മിറ്റിയുടെ യെച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കില്ല. സംസ്ഥാനത്തില്ലെന്നാണ് വിട്ടുനില്‍ക്കുന്നതിന് കാരണമായി ഇ പി പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്.
സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി ഇപി ജയരാജന്‍ ഇപ്പോഴും തുടരുന്നുവെന്നതാണ് ഇതിലൂടെ മനസിലാകുന്നത്. നടപടിയെടുത്ത് 25 ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ഒരു പാര്‍ട്ടി പരിപായില്‍ അദ്ദേഹം പങ്കെടുക്കുന്നത്. വീട്ടില്‍ തന്നെ തുടരുകയായിരുന്ന അദ്ദേഹം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയോ നേതാക്കളുമായി ആശയ വിനിമയം നടത്തുകയോ ചെയ്തിരുന്നില്ല. അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ ചടങ്ങിലും പങ്കെടുത്തില്ലായിരുന്നു.
നേരത്തേ കണ്ണൂര്‍ പയ്യാമ്പലത്ത് നടന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയിലും പങ്കെടുത്തിരുന്നില്ല. പരിപാടിയില്‍ ഇ പി പങ്കെടുക്കുമെന്ന് കണ്ണൂര്‍ നേതൃത്വം അറിയിച്ചിരുന്നെങ്കിലും ഇപി ജയരാജന്‍ വിട്ടുനിന്നിരുന്നു.
ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിഷയമാണ് ഇ പിക്ക് എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടമാക്കിയത്. തുടര്‍ന്നാണ് പാര്‍ട്ടുമായി അദ്ദേഹം നിസഹകരണം തുടര്‍ന്നു വരുന്നത്.