Articles
തെലങ്കാനയിൽ നിന്നുള്ള സംവരണ പാഠങ്ങൾ
വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലികള്‍ എന്നിവയില്‍ സംസ്ഥാനത്തെ സംവരണ പരിധി ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുള്ള ബില്ല് തെലങ്കാന നിയമസഭ പാസ്സാക്കിയിരിക്കുകയാണ്. സംവരണം നിലവിലെ 50 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തിലും തൊഴിലിലും തദ്ദേശ സ്ഥാപനങ്ങളിലും ഒ ബി സി സംവരണം 42 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള ബില്ലുകളും തെലങ്കാന നിയമസഭ പാസ്സാക്കി.

പിന്നാക്ക സംവരണം ഭരണഘടനാപരമായ അവകാശമാണ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയാത്തവര്‍ രാജ്യത്ത് എന്നും ഉണ്ടായിരുന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ഭരണഘടനയില്‍ നല്‍കപ്പെട്ടതിനെ തുടര്‍ന്ന് ചിലര്‍ ശക്തമായ വിമര്‍ശനം നടത്തിയിട്ടുണ്ട്. ഈ വകുപ്പില്‍ അടങ്ങിയിരിക്കുന്ന വിവേകത്തെ പ്രശംസിച്ചുകൊണ്ട് ഡോ. അംബേദ്കര്‍ അന്നുതന്നെ സംസാരിച്ചത് ചരിത്രത്തിലുണ്ട്.
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി ഇവിടെ നിലനില്‍ക്കുന്ന സാമൂഹികമായ അസമത്വങ്ങളാണ്. ഈ അസമത്വങ്ങള്‍ ഇന്ത്യയുടെ സുദീര്‍ഘമായ ചരിത്രത്തിന്റെ ഭാഗവുമാണ്. പുരാതന കാലം മുതല്‍ അസമത്വങ്ങള്‍ നിറഞ്ഞ ഒരു സമൂഹമാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഈ അസമത്വങ്ങള്‍ ജാതിവ്യവസ്ഥയുടെ സൃഷ്ടിയായിരുന്നു. ജാതിവ്യവസ്ഥ സമൂഹത്തെ പല തട്ടുകളായി തിരിക്കുകയും ഓരോ ജാതിയിലും പെട്ടവര്‍ ചെയ്യേണ്ട തൊഴിലുകള്‍ അനുശാസിക്കുകയും ചെയ്തു. ഹീനമായ നിലയിലേക്ക് അധഃപതിച്ച ജാതിവ്യവസ്ഥ, ശാപതുല്യമായ അയിത്തം, മത വ്യത്യാസങ്ങളില്‍ അധിഷ്ഠിതമായ വര്‍ഗീയത എന്നിവയെല്ലാം ഇന്ത്യന്‍ സമൂഹത്തിന്റെ സത്തയെത്തന്നെ കരണ്ട് തിന്നുന്ന കാഴ്ചയാണ് ദൃശ്യമായിരുന്നത്. ഉയര്‍ന്ന ജാതിക്കാര്‍ സമൂഹത്തിലെ മേല്‍ത്തട്ടിലും കീഴ്ജാതിക്കാര്‍ അടിത്തട്ടിലുമായി പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. കിരാതമായ അയിത്തം പോലെയുള്ള ദുരാചാരങ്ങള്‍ക്ക് കീഴ്ജാതിക്കാര്‍ വിധേയരായി. ജാതിവ്യവസ്ഥയുണ്ടാക്കിയ സാമൂഹികവും സാമ്പത്തികവുമായ ഈ അസമത്വങ്ങള്‍ക്ക് ഇന്ത്യയിലെ പരമ്പരാഗത ആചാരങ്ങള്‍ അംഗീകാരം നല്‍കുകയും ചെയ്തു. പട്ടിക ജാതിക്കാര്‍, പട്ടിക വര്‍ഗക്കാര്‍, മറ്റു പിന്നാക്ക വര്‍ഗങ്ങള്‍ എന്നിവരുടെ സ്ഥാനം ഇപ്പോഴും സമൂഹത്തിന്റെ അടിത്തട്ടില്‍ തന്നെയാണ്. ജാതീയമായ വിവേചനം, സാമൂഹികമായ അസമത്വം, സാംസ്‌കാരികമായ പിന്നാക്കാവസ്ഥ, സാമ്പത്തികമായ അസമത്വം, വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ എന്നിവ ഇവര്‍ യുഗങ്ങളായി അനുഭവിച്ചുവരികയാണ്.
ഇന്ത്യയിലെ പട്ടിക ജാതി-പട്ടിക വര്‍ഗങ്ങള്‍ക്കു പുറമെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി വളരെ പിന്നാക്കം നില്‍ക്കുന്ന ദുര്‍ബലമായ വിഭാഗമാണ് പിന്നാക്ക വര്‍ഗങ്ങള്‍. രാജ്യത്തെ ന്യൂനപക്ഷങ്ങളില്‍ ബഹുഭൂരിപക്ഷവും പിന്നാക്ക വിഭാഗങ്ങളായതുകൊണ്ട് ഇവരുടെ സംഖ്യ വളരെ വലുതാണ്. ന്യൂനപക്ഷങ്ങളും രാജ്യത്തെ ഭൂരിപക്ഷ മതത്തിലെ പിന്നാക്കക്കാരും ഏറ്റവും കൂടുതലുള്ള ലോകത്തിലെ പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അനാചാരവും അന്ധവിശ്വാസവും ജാതീയമായ ഉച്ചനീചത്വങ്ങളും നിലനില്‍ക്കുന്ന രാഷ്ട്രവുമാണിത്.
പട്ടിക ജാതി വര്‍ഗവും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാരും ചേര്‍ന്നാല്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ ഏതാണ്ട് 87 ശതമാനത്തോളം വരും. ഹിന്ദു സമുദായത്തിലെ പിന്നാക്ക വിഭാഗം മാത്രം ജനസംഖ്യയിലെ 60 ശതമാനത്തിന് പുറത്തുവരും. നിര്‍ഭാഗ്യവശാല്‍ മഹാഭൂരിപക്ഷം വരുന്ന ഈ പിന്നാക്കക്കാരുടെ പ്രശ്‌നങ്ങളേറ്റെടുക്കാന്‍ പല രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകുന്നില്ല. ഇവരെല്ലാം രാജ്യത്തെ സവര്‍ണ വിഭാഗത്തിന്റെ താത്പര്യങ്ങളാണ് കൃത്യമായി സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സ്ഥിതി രാജ്യത്ത് ഇപ്പോഴും പരമ ദയനീയമാണ്.
പിന്നാക്ക ജനവിഭാഗത്തിന്റെ ക്ഷേമം ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് ജാതി സെന്‍സസ് നടത്തുകയാണ്. നിര്‍ഭാഗ്യവശാല്‍ കേന്ദ്ര സര്‍ക്കാറും ഭൂരിപക്ഷം സംസ്ഥാന സര്‍ക്കാറുകളും ഇപ്പോഴും ജാതിസെന്‍സസ് നടത്താന്‍ മടിച്ചു നില്‍ക്കുകയാണ്. പിന്നാക്ക ജനവിഭാഗത്തിന്റെ ജനസംഖ്യാടിസ്ഥാനമാക്കിയുള്ള കണക്കെടുക്കാതെ സംവരണം അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുക ദുഷ്‌കരമാണ്. ഓട്ടക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് പരിമിതമായ തോതിലെങ്കിലും ഈ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നത്. രാജ്യത്ത് ആദ്യമായി ബിഹാര്‍ സര്‍ക്കാറാണ് ജാതി സെന്‍സസ് നടത്താന്‍ മുന്നോട്ട് വന്നത്. അതിനെ തുടര്‍ന്ന് അര ഡസനോളം സംസ്ഥാനങ്ങള്‍ ജാതി സെന്‍സസ് നടത്താന്‍ തീരുമാനിക്കുകയും ചില സ്റ്റേറ്റുകള്‍ അത് പൂര്‍ത്തീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതി സെന്‍സസും സംവരണ ശതമാനം കൂട്ടലും മുഖ്യ പരിപാടിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ സമുദായിക സംവരണം സംബന്ധിച്ചുള്ള ഐതിഹാസികമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തിട്ടുള്ളത്.
വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലികള്‍ എന്നിവയില്‍ സംസ്ഥാനത്തെ സംവരണ പരിധി ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുള്ള ബില്ല് തെലങ്കാന നിയമസഭ പാസ്സാക്കിയിരിക്കുകയാണ്. സംവരണം നിലവിലെ 50 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തിലും തൊഴിലിലും തദ്ദേശ സ്ഥാപനങ്ങളിലും ഒ ബി സി സംവരണം 42 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള ബില്ലുകളും തെലങ്കാന നിയമസഭ പാസ്സാക്കി. പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള സംവരണം 10 ശതമാനമാക്കാനും പട്ടിക വര്‍ഗ വിഭാഗങ്ങളെ മൂന്നാക്കി തിരിച്ച് സംവരണം നടത്താനുമുള്ള ബില്ലും പാസ്സായി. അടുത്തിടെ നടത്തിയ ജാതി സര്‍വേ അടിസ്ഥാനമാക്കിയാണ് തെലങ്കാനയിലെ രേവന്ത് റെഡ്ഢി നയിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ ഈ തീരുമാനം.
കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിനെ ബി ജെ പി, ബി ആര്‍ എസ്, എ ഐ എം ഐ എം, സി പി ഐ അംഗങ്ങള്‍ പിന്തുണച്ചു. പുതിയ ബില്ലുകള്‍ നടപ്പായാല്‍ സംസ്ഥാനത്ത് ജാതിസംവരണം 67 ശതമാനമായി ഉയരും. സുപ്രീം കോടതി നിശ്ചയിച്ച പരിധി 50 ശതമാനമായതിനാല്‍ ഈ സംവരണം കോടതിയിൽ ചോദ്യം ചെയ്യാനിടയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ജാതി സെന്‍സസില്‍ ജനസംഖ്യയുടെ 56.33 ശതമാനം ഒ ബി സിക്കാരാണെന്ന് കണ്ടെത്തിയിരുന്നു. മുസ്‌ലിംകളിലെ പിന്നാക്ക വിഭാഗക്കാരെയും ഒ ബി സിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിയമസഭ പാസ്സാക്കിയ ബില്ല് കേന്ദ്രത്തിന്റെ അനുമതിക്കായി അയച്ചുകൊടുക്കണം. പാസ്സാക്കപ്പെട്ട സംവരണ നിയമം നടപ്പാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതിയും വേണ്ടിവന്നേക്കും. ഭരണഘടനാ ഭേദഗതിക്കായി സംസ്ഥാത്ത് നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ശക്തമായ സമ്മര്‍ദം ചെലുത്തുമെന്ന് രേവന്ത് റെഡ്ഢി വ്യക്തമാക്കിയിരുന്നു. തെലങ്കാന സര്‍ക്കാര്‍ നടപടി അങ്ങേയറ്റം സ്വാഗതാര്‍ഹമായ ഒന്നാണ്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരുടെ പിന്തുണ ഇക്കാര്യത്തില്‍ തെലങ്കാന സര്‍ക്കാറിനുണ്ടാകും. ബിഹാര്‍, ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ജാതി സെന്‍സസ് പൂര്‍ത്തിയാക്കുകയും ബിഹാറിലും മറ്റും അതിന്റെ അടിസ്ഥാനത്തിലുള്ള മറ്റു നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ജാതി സെന്‍സസിനെപ്പറ്റി ഒരക്ഷരവും സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.
രാജ്യത്തെ ചെറു ന്യൂനപക്ഷമായ സവര്‍ണ വിഭാഗത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ബി ജെ പി സര്‍ക്കാറും അതേ നിലപാടുമായി മുന്നോട്ട് പോകുന്ന വിവിധ സംസ്ഥാന ഭരണാധികാരികളും പിന്നാക്ക ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്.