Business
റിസർവ് ബാങ്ക് ഇ-റുപി ഡിസംബർ ഒന്ന് മുതൽ; ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രം
കോൺടാക്റ്റ്‌ലെസ് ഇടപാടുകൾക്കായി ഉപയോഗിക്കാവുന്ന പണത്തിന്റെ ഒരു ഇലക്ട്രോണിക് രൂപമാണ് ഡിജിറ്റൽ കറൻസി അല്ലെങ്കിൽ ഇ റുപീ.
ന്യൂഡൽഹി | റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിയായ ഇ-റുപീ ഡിസംബർ ഒന്ന് മുതൽ റീടെയിൽ മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കും. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നിശ്ചിത എണ്ണം ആളുകൾക്കിടയിലാണ് ആദ്യ ഘട്ട പരീക്ഷണം. എട്ട് ബാങ്കുകൾ ഇതിൽ പങ്കാളികളാകും. നിലവിലെ കറൻസി നോട്ടുകൾക്ക് പുറമെയാണ് ഇ റുപി വിനിമയം. ഇത് ഇടപാടുകൾ കൂടുതൽ സുഗമമാക്കുമെന്ന് ആർ ബി ഐ അറിയിച്ചു.
മുംബൈ, ന്യൂഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ ആദ്യ ഘട്ടത്തിലും അഹമ്മദാബാദ്, ഗാങ്ടോക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്ദോർ, കൊച്ചി, ലഖ്നോ, പട്ന, ഷിംല എന്നീ സ്ഥലങ്ങളിൽ രണ്ടാം ഘട്ടത്തിലും ഇ റുപി പുറത്തിറക്കും. SBI, ICICI, യെസ് ബാങ്ക്, IDFC ബാങ്ക് എന്നീ ബാങ്കുകളുടെ നേതൃത്വത്തിലാവും ഡിജിറ്റൽ റുപ്പി പുറത്തിറക്കുക. ബാങ്ക് ഓഫ് ബറോഡ, യുണിയൻ ബാങ്ക്, HDFC, കൊട്ടക് മഹീന്ദ്ര എന്നീ ബാങ്കുകളും അടുത്ത ഘട്ടത്തിൽ ഇ റുപി പുറത്തിറക്കും പുറത്തിറക്കും. പദ്ധതി പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ ബാങ്കുകളും നഗരങ്ങളും ഉൾപ്പെടുത്തുമെന്ന് ആർ ബി ഐ അറിയിച്ചു.
കോൺടാക്റ്റ്‌ലെസ് ഇടപാടുകൾക്കായി ഉപയോഗിക്കാവുന്ന പണത്തിന്റെ ഒരു ഇലക്ട്രോണിക് രൂപമാണ് ഡിജിറ്റൽ കറൻസി അല്ലെങ്കിൽ ഇ റുപീ. നിയമവിധേയമായ ഡിജിറ്റൽ ടോക്കണായിരിക്കും ഇത്. പേപ്പർ കറൻസിയുടെ നാണയങ്ങളുടെ അതേ മൂല്യത്തിൽ തന്നെയാവും ഡിജിറ്റൽ കറൻസിയും പുറത്തിറക്കുക. ബാങ്കുകൾ വഴിയാവും ഇവയുടെ വിതരണം. ബാങ്കുകൾ നൽകുന്ന ആപ്പ് വഴി ഉപയോക്താക്കൾക്ക് ഇത് ആക്‌സസ് ചെയ്യാം. നിങ്ങളുടെ മൊബൈൽ ഫോണിൽ വാങ്ങാനും സംരക്ഷിക്കാനും കഴിയും. വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കും വ്യക്തികളും വ്യാപാരികളും തമ്മിലും ഇടപാടുകൾ നടത്താം. മർച്ചന്റ് സ്റ്റോറിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യുആർ കോഡ് ഉപയോഗിച്ച് വ്യാപാരികൾക്ക് പണം നൽകാനും സാധിക്കും.
റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയെ CBDC-W, CBDC-R എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. CBDC-W എന്നാൽ മൊത്തക്കച്ചവട കറൻസിയെയും CBDC-R എന്നാൽ റീട്ടെയിൽ കറൻസിയെയും സൂചിപ്പിക്കുന്നു. 2022 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇ റുപീ പ്രഖ്യാപനം നടത്തിയത്.