reshma's complaint
എം വി ജയരാജനെതിരെ പരാതി നല്‍കി രേഷ്മ
എം വി ജയരാജന്‍ തന്നെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് രേഷ്മ പരാതിപ്പെട്ടത്.
കണ്ണൂര്‍ | പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിന് ഒളിത്താവളം ഒരുക്കിയതിന് അറസ്റ്റിലായിരുന്ന അധ്യാപിക രേഷ്മ പ്രശാന്ത് സി പി എം കണ്ണൂര്‍ സെക്രട്ടറി എം വി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സി പി എം നേതാവ് കാരായി രാജനും ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിക്കുമെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
എം വി ജയരാജന്‍ തന്നെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് രേഷ്മ പരാതിപ്പെട്ടത്. പോലീസിനെതിരെയും പരാതിയുണ്ട്. വനിതാ പോലീസുകാരില്ലാതെ രാത്രി വീട്ടിലെത്തി അറസ്റ്റ് ചെയ്തുവെന്നും സ്റ്റേഷനില്‍ വെച്ച് കൂത്തുപ്പറമ്പ് സി ഐ മോശമായി സംസാരിച്ചുവെന്നും ഫോണിലെ സ്വകാര്യ ഫോട്ടോകള്‍ പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
തന്റെത് സി പി എം അനുഭാവി കുടുംബമാണെന്നും അവര്‍ പറഞ്ഞു. രേഷ്മയുടെ പ്രവാസിയായ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം നിജില്‍ ദാസ് അറസ്റ്റിലായത്. പിണറായിയിലാണ് ഇയാള്‍ രണ്ട് മാസത്തിലേറെ ഒളിവില്‍ താമസിച്ചത്. തുടര്‍ന്നാണ് രേഷ്മയെയും പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു.