Political crisis in Britain
മന്ത്രിമാരുടെ കൂട്ടരാജി പ്രതിസന്ധിയായി; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു
പാർട്ടി നേതൃസ്ഥാനവും ഒഴിഞ്ഞേക്കും
ലണ്ടന്‍ | ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവച്ചു. ഒരു ദിവസം തന്നെ രണ്ട് മന്ത്രിമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍സന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് രാജി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം രാജിവെച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനവും അദ്ദേഹം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം, പുതിയ പ്രധാനമന്ത്രി വരും വരെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ അടുത്തയാഴ്ച ആരംഭിക്കും.
ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോണ്‍സണ്‍ ചീഫ് വിപ്പായി നിയമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മന്ത്രിമാര്‍ രാജിവെച്ചത്. ക്രിസ് പിഞ്ചര്‍ നിരവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയന്‍ ആണെന്നിരിക്കെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തുടര്‍ന്ന് പിഞ്ചറെ നീക്കി. ഇക്കാര്യത്തില്‍ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം കനത്തു. ഈ സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രാജി വെച്ചത്.
ജനങ്ങള്‍ സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്തവും മാന്യതയും പ്രതീക്ഷിക്കുന്നെന്നാണ് രാജിവെച്ച മന്ത്രിമാര്‍ പറഞ്ഞത്. ധാര്‍മികതയോടെ ഇനി മന്ത്രിസഭയില്‍ തുടരാന്‍ കഴിയില്ലെന്നതിനാലാണ് രാജി നല്‍കിയതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.