Kerala
റിയാസ് പഴഞ്ഞിയുടെ രാജി: പൊന്നാനി കോൺഗ്രസിലെ വിഭാഗീയതക്ക് തടയിടാൻ കെ പി സി സി സമിതി എത്തി
കോൺഗ്രസിൽനിന്ന് രാജിവെച്ചെങ്കിലും ഉടനെ മറ്റൊരു പാർട്ടിയിലേക്ക് പോകില്ലെന്ന് അദ്ദേഹം സമിതിയോട് പറഞ്ഞതായാണ് സൂചന.
മാറഞ്ചേരി | യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് പഴഞ്ഞിയുടെ രാജിയോടെ പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസിൽ രൂപപ്പെടുന്ന പൊട്ടിത്തെറി പരിഹരിക്കാൻ കെ പി സി സി അന്വേഷണ സമിതിയെത്തി. കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യപ്രകാരം കെ പി സി സി നിയോഗിച്ച പഠന സമിതി ചൊവ്വാഴ്‌ച എരമംഗലം പി ടി മോഹനകൃഷ്‌ണൻ സപ്‌തതി സ്‌മാരകമായ കോൺഗ്രസ് ഭവനിൽ എത്തി. കെ പി സി സി ഉപാധ്യക്ഷൻ വി ടി ബൽറാം, ജന. സെക്രട്ടറിമാരായ അഡ്വ.കെ ജയന്ത്, അഡ്വ.പി എ സലീം എന്നിവരാണ് സമിതിയംഗങ്ങൾ.
പ്രാദേശിക നേതാക്കളോടും പ്രവർത്തകരോടും സമിതി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് സമിതിക്ക് മുന്നിൽ അണികളും ചില നേതാക്കളും ഉന്നയിച്ചത്. കാലങ്ങളായി പൊന്നാനിയിലെ കോൺഗ്രസിന് കെട്ടുറപ്പ് ഇല്ലാതായിട്ടെന്നും നേതാക്കൾ പരസ്പരം തെരുവ് പോരാട്ടത്തിലാണെന്നും പലരും പറഞ്ഞു. 2006ൽ യു ഡി എഫ് സ്ഥാനാർഥിക്കെതിരെ പരസ്യ നീക്കമായിരുന്നെങ്കിൽ തുടർന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രഹസ്യമായി കാലുവാരുകയായിരുന്നു.
പാർട്ടി സ്ഥാനാർഥിക്ക് വിജയിക്കാവുന്ന സാഹചര്യങ്ങളുണ്ടായിരുന്നുവെങ്കി
കോൺഗ്രസ് ബൂത്ത് മുതൽ ബ്ലോക്ക് കമ്മിറ്റി വരെയുള്ള ഭാരവാഹികൾ, പോഷകസംഘടനാ ഭാരവാഹികൾ ഉൾപ്പെടെ 80 പേരിൽ നിന്നായി സമിതി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ചിലർ എഴുതി നൽകുകയായിരുന്നു. റിയാസ് പഴഞ്ഞിയുമായും സമിതി ചർച്ച നടത്തി. കോൺഗ്രസിൽനിന്ന് രാജിവെച്ചെങ്കിലും ഉടനെ മറ്റൊരു പാർട്ടിയിലേക്ക് പോകില്ലെന്ന് അദ്ദേഹം സമിതിയോട് പറഞ്ഞതായാണ് സൂചന. രണ്ടാഴ്ചക്കകം റിപ്പോർട്ട് കെ പി സി സിക്ക് കൈമാറുമെന്ന് വി ടി ബൽറാം പറഞ്ഞു.