National
രാജിവെച്ച കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ബിജെപിയിൽ ചേർന്നു
അഴിമതി നിറഞ്ഞ തൃണമൂൽ ഭരണത്തെ സംസ്ഥാനത്ത് നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് അഭിജിത് ഗംഗോപാധ്യായ
കൊൽക്കത്ത | കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ച് ദിവസങ്ങൾക്ക് ശേഷം അഭിജിത് ഗംഗോപാധ്യായ ബിജെപിയിൽ ചേർന്നു. നേരത്തെ, ജഡ്ജി സ്ഥാനം രാജിവച്ച ശേഷം, ബിജെപിയിൽ ചേരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
“ഇന്ന്, ഞാൻ ഒരു പുതിയ ഫീൽഡിൽ ചേർന്നു. ബിജെപിയിൽ ചേരുന്നതിൽ സന്തോഷമുണ്ട്, പാർട്ടിയുടെ കർമഭടനായി പ്രവർത്തിക്കും. അഴിമതി നിറഞ്ഞ തൃണമൂൽ ഭരണത്തെ സംസ്ഥാനത്ത് നിന്ന് പുറത്താക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം” – ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു.
സാൾട്ട് ലേക്കിലെ ബിജെപി ഓഫീസിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ പാർട്ടി പതാക കൈമാറി അദ്ദേഹത്തെ സ്വീകരിച്ചു.
പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയത്തിന് അഭിജിത് ഗംഗോപാധ്യായയെപ്പോലെ ഒരാളെ ആവശ്യമാണെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു.