Connect with us

Kerala

രാജിവെച്ചത് മമതയുടെ നിര്‍ദേശപ്രകാരം; നിലമ്പൂരില്‍ മത്സരിക്കില്ല, വി എസ് ജോയിയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കണം : പി വി അന്‍വര്‍

രാജിക്കത്ത് ഈ മാസം 11ന് കൊല്‍ക്കത്തയില്‍ വെച്ച് ഇ മെയില്‍ വഴി സ്പീക്കര്‍ക്ക് കൈമാറിയിരുന്നുവെന്നും അന്‍വര്‍

Published

|

Last Updated

തിരുവനന്തപുരം |  എംഎല്‍എ സ്ഥാനം രാജിവെച്ചതായി പി വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജിക്കത്ത് ഈ മാസം 11ന് കൊല്‍ക്കത്തയില്‍ വെച്ച് ഇ മെയില്‍ വഴി സ്പീക്കര്‍ക്ക് കൈമാറിയിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്ന് നേരിട്ടെത്തി അദ്ദേഹത്തിന് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നുന്നു. രാജി സ്വീകരിക്കേണ്ടത് സ്പീക്കറാണ്. പിണറായിസത്തിനെതിരെ അഞ്ച് മാസമായി പോരാടുന്ന തനിക്ക് പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.എംഎല്‍എ സ്ഥാനം രാജിവെച്ച് പോരാട്ടത്തിനിറങ്ങാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടത് പ്രകാരണാണ് രാജി. മലയോര മേഖലയില്‍ വനമൃഗ ശല്യം നേരിടുന്നവര്‍ക്കായി പോരാടുമെന്നും അന്‍വര്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും അന്‍വര്‍ പറഞ്ഞു. യു ഡി എഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നിരുപാധിക പിന്തുണ നല്‍കു. മലപ്പുറം ഡി സി സി പ്രസിഡന്റ് വി എസ് ജോയിയെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കണമെന്നും അന്‍വര്‍ യുഡിഎഫിനോട് നിര്‍ദേശം മുന്നില്‍ വെച്ചു.

വി എസ് ജോയ് മത്സരിച്ചാല്‍ 40,000ത്തിലധികം വോട്ടിന് ജയിക്കും. ആര്യാടന്‍ ഷൗക്കത്തിനെ സിനിമ, സാംസ്‌കാരിക നായകനായിട്ടേ തനിക്ക് അറിയുകയുള്ളു. അദ്ദേഹത്തെ കണ്ടിട്ട് ഒരുപാട് നാളായി. സാധാരണ കല്യാണത്തിനൊക്കെ പോകുമ്പോള്‍ കാണേണ്ടതാണ്. അതിനുപോലും കാണാറില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ കഥയെഴുതുകയാണെന്നാണ് പറഞ്ഞത്. കഥയെഴുതുന്നയാളെ അങ്ങനെ പുറത്തുകാണില്ലല്ലോയെന്നും അന്‍വര്‍ പറഞ്ഞു.

 

രാജിവെക്കണം എന്ന ഉദ്ദേശത്തോടെയല്ല കൊല്‍ക്കത്തയിലേക്ക് പോയത്. തൃണമൂല്‍ നേതൃത്വവുമായും മമതാ ബാനര്‍ജിയുമായും സംസാരിച്ചു. നമ്മുടെ നാട് നേരിടുന്ന വന്യജീവി ആക്രമണത്തെക്കുറിച്ച് മമതയെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കണമെന്നും അറിയിച്ചു. പാര്‍ട്ടിയുമായി സഹകരിച്ച് പോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും ഇന്‍ഡ്യാ മുന്നണിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും ഉറപ്പ് നല്‍കി. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അറിയിച്ചു. എംഎല്‍എ എന്ന നിലയില്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതില്‍ നിയമതടസ്സമുണ്ടായിരുന്നു. അങ്ങനെയാണ് രാജിവെച്ചത്. മമതയുടെ നിര്‍ദേശപ്രകാരമാണ് രാജി-അന്‍വര്‍ പറഞ്ഞു