Kerala
രാജിവെച്ചത് ധാർമികതയുടെ പേരിൽ; മന്ത്രിയാകാൻ ഇപ്പോൾ തടസ്സങ്ങളില്ല: സജി ചെറിയാൻ
പരാതിക്കാരനും പ്രതിപക്ഷനേതാവിനും പരാതിയുണ്ടെങ്കില്‍ ഇനിയും മുന്നോട്ടുപോകാമെന്നും സജി ചെറിയാന്‍
ആലപ്പുഴ | പ്രസംഗത്തിനിടെ ഭരണഘടനയെ അവഹേളിച്ചു എന്ന ആരോപണമുയർന്നപ്പോൾ, ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് താൻ രാജിവെച്ചതെന്ന് സജി ചെറിയാൻ എംഎൽഎ. വ്യക്തിപരമായ ധാര്‍മ്മികതയുടെ പുറത്തുമാത്രമല്ല, പാര്‍ട്ടിയുടെ ധാര്‍മ്മികതകൂടി ഉയര്‍ത്തിപ്പിടിച്ചായിരുന്നു രാജിയെന്നും അദ്ദേഹം മാധ്യങ്ങളോട് പറഞ്ഞു.
കോടതിയിൽ തനിക്കെതിരെ രണ്ട് കേസുകൾ വന്നിരുന്നു. അതുകൊണ്ട് കൂടിയാണ് രാജി നൽകിയത്. അതില്‍ അന്തിമാഭിപ്രായം പറയേണ്ടത് കോടതിയാണ്. പോലീസ് അന്വേഷിച്ച കേസില്‍ ബോധപൂര്‍വമായി ഭരണഘടനയെ അധിക്ഷേപിക്കുന്ന പ്രസംഗമല്ല നടത്തിയതെന്ന് വ്യക്തമായി. നിയമസഭയിലെ പ്രസംഗത്തില്‍ തന്നെ അക്കാര്യം വ്യക്തമാക്കിയതാണ്. ഖേദവും പ്രകടിപ്പിച്ചിരുന്നെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
പ്രധാനപ്പെട്ട സ്ഥാനം പോകുമെന്ന് പറഞ്ഞപ്പോൾ ഭയപ്പെട്ടിട്ടില്ല. മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി നിന്നിട്ടുമില്ല. പരാതിക്കാരനും പ്രതിപക്ഷനേതാവിനും പരാതിയുണ്ടെങ്കില്‍ ഇനിയും മുന്നോട്ടുപോകാമെന്നും സജി ചെറിയാന്‍ പറഞ്ഞു.
ധാര്‍മികമായ രാജി പിന്‍വലിക്കുന്ന കാര്യം ആലോചിക്കേണ്ടത് പാര്‍ട്ടിയാണ്. ആ ആലോചനയാണ് പാര്‍ട്ടി നടത്തിയത്. ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇപ്പോള്‍ മന്ത്രിയാവുന്നതിന് നിയമപരമായി യാതൊരു തടസ്സവുമില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.