Connect with us

Kerala

കുരിശുനാട്ടി കൈയ്യേറ്റ ഭൂമി സംരക്ഷിക്കാനുള്ള റിസോട്ട് ഉടമയുടെ നീക്കം പൊളിഞ്ഞു

ഇടുക്കി ജില്ലാ കലക്ടറുടെ ഉത്തരവ് വന്നതോടെ റവന്യൂ സംഘം കുരിശ് പൊളിച്ചു നീക്കിയത്

Published

|

Last Updated

ഇടുക്കി | പരുന്തുംപാറയില്‍ കുരിശുനാട്ടി മത വികാരം ഉപയോഗിച്ച് കൈയ്യേറ്റ ഭൂമി സംരക്ഷിക്കാനുള്ള റിസോട്ട് ഉടമയുടെ നീക്കം പൊളിഞ്ഞു. കുരിശ് കൃഷിയെ മത നേതൃത്വം തള്ളിയതോടെ ഉടമ ഒറ്റപ്പെടുകയായിരുന്നു.

അനധികൃതമായി നിര്‍മിച്ച റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റാതിരിക്കാനായി ഉടമ തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് സ്ഥാപിച്ച കുരിശാണ് ഇടുക്കി ജില്ലാ കലക്ടറുടെ ഉത്തരവ് വന്നതോടെ റവന്യൂ സംഘം പൊളിച്ചു നീക്കിയത്.

റവന്യൂ സംഘത്തിന്റെ പ്രത്യേക 15 അംഗ ടീമാണ് കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നത്. സമീപ പ്രദേശങ്ങളിലും ഇത്തരത്തില്‍ അനധികൃതമായി കുരിശ് നിര്‍മ്മാണം നടക്കുന്നുണ്ടോയെന്ന് റവന്യൂ അധികൃതര്‍ പരിശോധിക്കും. കുരിശ് അടിയന്തരമായി പൊളിച്ചു നീക്കിയെ മതിയാകൂവെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ താക്കീത് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഭൂമിയാണ് ഇതെന്ന് കണ്ടെത്തിയതിന് പിന്നാലെ ജില്ലാ കലക്ടര്‍ പല തവണ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷവും കുരിശ് പണി ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സജിത്ത് ജോസഫ് പൂര്‍ത്തിയാക്കുകയായിരുന്നു.

മത സംഘടനകളുടെ പിന്തുണ തനിക്ക് ലഭിക്കുമെന്ന ലക്ഷ്യത്തോടുകൂടിയാണ് സജിത്ത് ഇവിടെ കുരിശ് സ്ഥാപിച്ചത്. എന്നാല്‍ ഒരു പുരോഹിതന്‍ പോലും കുരിശ് സ്ഥാപിച്ചതിനു പിന്തുണയുമായി എത്തിയില്ല. കുരിശ് ദുരുപയോഗം ചെയ്ത് ഭൂമി കയ്യേറ്റം നടത്തുന്നവര്‍ക്കെതിരെ അധികാരികള്‍ നടപടി സ്വീകരിക്കണം എന്നായിരുന്നു ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. യേശുക്രിസ്തുവിന്റെ കുരിശിനെ അവഹേളിക്കുന്ന ഇത്തരം ”കുരിശുകള്‍ ‘ മുളയിലേ തകര്‍ക്കാന്‍ ഭരണകൂടം മടിക്കരുത്. ഭൂമി കൈയ്യേറാന്‍ ഉള്ളതല്ല, കൃഷി ചെയ്യാനുള്ളതാണെന്നും കുരിശുകൃഷി അല്ല ജൈവകൃഷിയാണ് വേണ്ടതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പ്രതികരിച്ചു.

 

Latest